ചിന്തകളിലെ
പാലൂറ്റിയെടുത്ത്,
കണ്ണിമകളെ
ധ്യാനത്തിലാഴ്ത്തിയാ-
ലൊരുപാട് ചുവരുകൾക്കുള്ളിലെ 
ആകാശ കാഴ്ചകൾ കാണാം..

ചില വീടർ
അക്വേറിയത്തിലെ 
മീനുകളെ പോലെ 
ഉലകവും ജീവശ്വാസവും 
കുമിളകളായി മാത്രം 
പുറത്തുവിട്ട്   
ചുവരുകൾക്കുള്ളിലെ 
അക്വേറിയത്തിൽ സ്വയം സമർപ്പിക്കുന്നത്….

ചിലരോ ഭംഗിയായി 
അടച്ചു സൂക്ഷിച്ച 
അച്ചാറ് ഭരണി പോലെ,
ഉള്ളിലെ രുചിഗന്ധവൈവിദ്ധ്യ-
മേകി ഊണ് മേശ വരെ 
വട്ടമിട്ട് പറക്കുന്ന 
ഈയാം പാറ്റകള്….

ചിലയിടങ്ങളിൽ
എന്നും കൂർത്ത വാക്കിൻ, കനലുകളെറിഞ്ഞു 
സ്വയം ആഹൂതി ചെയ്ത് 
അവളൊരുക്കുന്ന
 മഞ്ഞിച്ച അടുപ്പിൻ ലോകം…

ഇടക്കൊരു 
ഹവിസിൻ പുക മാത്രം…
ചുവരുകളറിയുന്ന നിലവിളികൾ….

വിഹായസ്സിലലിഞ്ഞമർന്ന്
പറന്നേ പോകുമ്പോഴും 
ചരടുകളാൽ 
ബന്ധിക്കപ്പെട്ടവരുടെ ചങ്ങലത്തഴമ്പുകൾ…

ഓരോ ചുവരുകൾക്കുള്ളിലും
ഓരോ ഒളിത്താവളങ്ങൾ..

ഓരോ ഒളിത്താവളങ്ങളിലും
ഓരോ നിലവിളികൾ…

പല നിറമെങ്കിലും 
ഒരേ താളമുള്ളവ…

ഓരോ ചുവർപാടിലും 
ഓരോ നിലവിളിയുടെ 
അടയാളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു !!

ഓരോ ചുവരുകളും
 ഓരോ ഒളിത്താവളങ്ങളാകുന്നു….

സ്വയമറിഞ്ഞോ അറിയാതെയോ
ഓരോരുത്തരും ഒളിക്കുന്ന
ഒളിത്താവളങ്ങൾ….!!!
…. നൈന നാരായണൻ…

താമസം കണ്ണൂർ 
പ്രസിഡൻസി കോളേജ്, മഹാത്മാഗാന്ധി എഡ്യൂക്കേഷൻ സെന്റർ   എന്നിടങ്ങളിൽ ടീച്ചർ ആയി ജോലി ചെയ്തിരുന്നു.. 

സ്ത്രീ യിൽ കവിത അച്ചടിച്ചു വന്നിട്ടുണ്ട്, മാമ്പഴം ഒറ്റത്താൾ മാസികയിലും..നന്ദിതയുടെ കവിതകൾ ഇഷ്ട്ടപ്പെടുന്ന എഴുത്തുകാരി..