തിരുവനന്തപുരം: തനിക്ക് സ്വപ്ന സുരേഷ് ഐഫോൺ നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് രമേശ് ചെന്നിത്തല. താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.’ ആരും തനിക്ക് ഫോൺ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരിൽ ഫോൺ വാങ്ങി മറ്റാർക്കെങ്കിലും കൊടുത്തതാകാം.
എനിക്കെതിരെ ചീപ്പായ പ്രചാരണങ്ങളാണ് നടക്കുന്നത്.സന്തോഷ് ഈപ്പന്റെ വെളിപെടുത്തലിൽ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. കോൺസുലേറ്റിലെ ചടങ്ങിൽ നറുക്കെടുപ്പിലെ വിജയികൾക്ക് മൊബൈൽ ഫോൺ അവരുടെ അഭ്യർത്ഥനപ്രകാരം സമ്മാനമായി നൽകുക മാത്രമാണ് ചെയ്തത്. സി പി എം സൈബർ ഗുണ്ടകൾ നിരന്തരമായി വേട്ടയാടുന്നു. തളരില്ല, പോരാട്ടം തുടരും.’ -അദ്ദേഹം പറഞ്ഞു.യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലയ്ക്ക് ഫോൺ നൽകിയ വിവരം വെളിപ്പെടുത്തിയത്. സ്വപ്‍ന ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് ഐ ഫോൺ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നൽകിയെന്നുമാണ് സന്തോഷ് ഈപ്പൻ പറയുന്നത്. കൊച്ചിയിൽ നിന്ന് ഫോൺ വാങ്ങിയതിന്റെ ബില്ലും കോടതിക്ക് കൈമാറിയിട്ടുണ്ട്.