‘മോനേ ദൈവത്തിന്റെ ചിത്രമോ മക്കളുടെ പേരോ പോലും വണ്ടിയിലൊട്ടിക്കണ്ടാട്ടാ… അവൻമാര് ഫൈനടിക്കും’ രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് മോട്ടോർവാഹനവകുപ്പിനെക്കുറിച്ചുള്ള പരാതികൾ.
നിയമലംഘനം നടത്തിയാൽ ഈടാക്കുന്ന പിഴയിൽനിന്ന് എഴുപതുശതമാനം സർക്കാരിനും മുപ്പതുശതമാനം ഉദ്യോഗസ്ഥർക്കുമാണെന്നാണ് മറ്റൊരു പ്രചാരണം. ഇതൊക്കെ സത്യമാണോ. എന്താണ് ശരി? എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടി.ജി. ഗോകുൽനാഥ് വിശദീകരിക്കുന്നു.
വാഹനങ്ങളിലെ സ്റ്റിക്കറുകൾ…
കുട്ടികളുടെ പേരോ, ചിത്രങ്ങളോ, തസ്തികകളുടെ പേരോ വാഹനങ്ങളിലൊട്ടിച്ചാൽ ആരും കേസെടുക്കില്ല. മറിച്ച് ഡ്രൈവറുടെ കാഴ്ചമറയുന്ന തരത്തിലുള്ള സ്റ്റിക്കറുകൾ, കൂളിങ് സ്റ്റിക്കറുകൾ എന്നിവ മുൻ-പിൻ ഗ്ലാസുകളിൽ ഒട്ടിച്ചാൽ പിഴയുണ്ട്.
കളർ മാറ്റിയാൽ…
വാഹനങ്ങളുടെ നിറം മാറ്റാൻ മോട്ടോർവാഹന വകുപ്പിന് അപേക്ഷ നൽകിയാൽ മതി. അതിന് വ്യവസ്ഥയുണ്ട്. ഭംഗിക്കായി ചെറിയ വരകളും പുള്ളികളും ഒന്നും പ്രശ്നമല്ല. എന്നാൽ അനുമതിയില്ലാതെ ആർ.സിയിൽ പറയുന്ന കളർ മാറ്റിയാൽ പിഴയുണ്ട്.
വാഹനത്തിന്റെ രൂപം മാറ്റിയാൽ…
ഓരോ വാഹനവും രൂപകൽപന ചെയ്യുന്നത് ശാസ്ത്രീയമായാണ്. അതിൽ മാറ്റം വരുത്തുന്നത് അപകടമുണ്ടാക്കും. ബൈക്കുകളുടെ ഹാൻഡിൽ രൂപം മാറ്റുന്നതും സൈലൻസറിൽ മാറ്റംവരുത്തി കഠിനശബ്ദമുണ്ടാക്കുന്നതും നിയമവിരുദ്ധമാണ്.
പല അരിപ്പകളിലൂടെയാണ് വാഹനത്തിൽനിന്ന് പുക പുറത്തേക്ക് വരേണ്ടത്. വിവിധ മഫ്ളറുകളിലൂടെ കടന്ന് ചൂടുകുറച്ച് ശബ്ദവും കുറച്ചാണ് പുക പോകേണ്ടത്. മഫ്ളറുകൾ എടുത്തുകളഞ്ഞാൽ ഇതൊന്നും നടക്കില്ല. വാഹനാപകടം മാത്രമല്ല വായുമലിനീകരണവും കൂടി സംഭവിക്കും.
അലോയ് വീലുകൾ മാറ്റിയാൽ…
ചക്രങ്ങൾ ഡിസ്കിൽനിന്ന് പരിധിയിൽ കൂടുതൽ തള്ളിനിൽക്കുന്നത് അപകടമുണ്ടാക്കും. വാഹനത്തിന്റെ ഘടനമാറ്റുന്നതിന് തുല്യമാണത്. ഓരോ കമ്പനിയും ഓരോ വലിപ്പത്തിലാണ് അലോയ് ചക്രങ്ങൾ ഘടിപ്പിക്കുന്നത്. അതിൽ കൂടുതൽ വലിപ്പമുള്ള ചക്രങ്ങൾ ഘടിപ്പിക്കാൻ അനുവാദമില്ല. അയ്യായിരം രൂപ പിഴചുമത്താവുന്ന കുറ്റമാണത്.
ബുൾ ബാറുകൾ ഘടിപ്പിച്ചാൽ…
ഇടിച്ചാൽ യാത്രക്കാർക്ക് പരിക്ക് കുറയുന്ന വിധമാണ് വാഹനങ്ങളുടെ മുൻഭാഗം രൂപകൽപന ചെയ്യുന്നത്. വഴിയാത്രക്കാരെ ഇടിച്ചാലും അവർക്ക് പരിക്ക് കുറയണം. എന്നാൽ വാഹനത്തിന് തകരാർ സംഭവിക്കാതിരിക്കാൻ ആളുകൾ ബുൾബാർ വെക്കും. ഇതും നിയമവിരുദ്ധമാണ്.
മാത്രമല്ല ഇതുമൂലം വാഹനത്തിനുണ്ടാകുന്ന ആഘാതം നേരിട്ട് ചെയ്സിലേക്കും അതുവഴി യാത്രക്കാരിലേക്കും വരും. ക്രംബിൾ സോണിലേക്ക് ഇടിയുടെ ആഘാതം വരാത്തതിനാൽ ഇതുമായി ഘടിപ്പിച്ചിട്ടുള്ള എയർബാഗിന്റെ സെൻസർ പ്രവർത്തിക്കില്ല.
പിഴയിൽനിന്ന് പങ്കുണ്ടോ…
മോട്ടോർ വാഹനവകുപ്പിൽ അത്തരമൊരു പരിപാടിയേ ഇല്ല. പിഴയെല്ലാം സർക്കാരിന് കൃത്യമായി അടയ്ക്കേണ്ടതാണ്. അതിനൊക്കെ വ്യക്തമായ വ്യവസ്ഥകളുണ്ട്. പിഴയൊടുക്കേണ്ടി വരുന്നവരുടെ വിഷമമാവാം ഇത്തരമൊരു പ്രചാരണത്തിന് കാരണം.