സമയം: 

✨

പൂജ വെയ്പ്പ്: (23-10-2020, വെള്ളിയാഴ്ച, 1196  തുലാം: 06, വൈകിട്ട്):

✨

പൂജയെടുപ്പ്, വിദ്യാരംഭം: 26-10-2020 തിങ്കൾ 06.30am to‍ 09.00 am ശുഭപ്രദം)കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ (വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി,
 സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു. എന്നാല്‍ ഇങ്ങനെ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്‍ഷങ്ങളില്‍ വിജയദശമി വരുന്നത് അടുത്ത മാസത്തിലുമാകാം. 2015 ലെ വിജയദശമി തുലാം മാസത്തിലായിരുന്നു. 2018ലെ വിദ്യാരംഭവും തുലാം മാസത്തിലായിരുന്നു. 2019ലെ വിദ്യാരംഭം കന്നിമാസത്തിലായിരുന്നു. എന്നാൽ 2020ലെ നവരാത്രി ആരംഭംതന്നെ തുലാമാസത്തിലാണ്.
 അതിനുശേഷം വരുന്ന പൂജവെയ്പ്പ്, മഹാനവമി, ആയുധപൂജ, പൂജയെടുപ്പ്, വിദ്യാരംഭം, വിജയദശമി എന്നിവയെല്ലാം ഈ വർഷം തുലാമാസത്തിലാണ്. പൂജവെക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ടും, പൂജയെടുപ്പ്-വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയുമാകുന്നു.  എന്തുകൊണ്ട് ഈ വർഷത്തെ നവരാത്രി തുലാമാസത്തിൽ?”ഈരണ്ടുപർവ്വം വരികിലർക്കമാസേ….” എന്ന പ്രമാണപ്രകാരം കന്നിയിൽ അധിമാസം (രണ്ട് കറുത്തവാവുകൾ) സംഭവിച്ചതിനാൽ മുഹൂർത്തവിഷയങ്ങളിലെ വിശേഷകർമ്മങ്ങൾ അടുത്ത മാസമായ തുലാത്തിൽ ചെയ്യേണ്ടതാകുന്നു.കേന്ദ്രഭാവത്തിലെ ബുധ-ശുക്ര സ്ഥിതിയും രണ്ടാംഭാവത്തിലെ വ്യാഴസ്‌ഥിതിയും ഈ മൂന്ന് ഗ്രഹങ്ങൾക്കും മൗഢ്യമോ ബലക്കുറവോ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ ഇത് സാരസ്വതയോഗകാലവും വിദ്യാരംഭത്തിന് അത്യുത്തമവും ആകുന്നു (“ശുക്രവാക്പതി സുധാകരാന്മജൈ…… സരസ്വതീരിതാ”). നിർഭാഗ്യവശാൽ ഇങ്ങനെയൊരു ഗ്രഹസ്‌ഥിതി ഈ വർഷമില്ല. ബുധന് മൗഢ്യമുള്ളപ്പോൾ വിദ്യാരംഭ ദിനത്തിൽ ഒഴികെ വിദ്യാരംഭം ചെയ്യാനും പാടുള്ളതല്ല. 31-10-2020 (തുലാം 15) രാത്രി 11.16 വരെ ബുധമൗഢ്യമുണ്ട്.ഈ വര്‍ഷത്തെയും പൂജയെടുപ്പ് നാലാംദിവസമാകുന്നു. (കഴിഞ്ഞവർഷത്തെപ്പോലെ).

?

ക്ഷേത്രങ്ങളിൽ പൂജവെയ്പ്പ്, വിദ്യാരംഭം എന്നിവ ചെയ്യാൻ സാധിക്കാത്ത സാഹചര്യമാകയാൽ വിദ്യാർത്ഥികൾക്ക് സ്വന്തം വീട്ടിൽ പുസ്തകങ്ങൾ പൂജവെക്കാൻ ശ്രമിക്കാവുന്നതാണ്. ഗണപതിയുടെയും സരസ്വതിയുടെയും ദക്ഷിണാമൂര്‍ത്തിയുടെയും കടാക്ഷമുള്ള ക്ഷേത്രത്തില്‍ മാത്രം വിദ്യാരംഭം നടത്തുന്നതാണ് ഐശ്വര്യദായകം. ഓഫീസ്സുകളിലും മറ്റും കച്ചവടരീതിയിലോ സമ്പ്രദായത്തിലോ നടത്തപ്പെടുന്ന വിദ്യാരംഭം ഒഴിവാക്കി സ്വന്തം വീട്ടിലും രാവിലെ  06.30 മുതല്‍ 09.00 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം ചെയ്യാവുന്നതാണ്. കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്തഗണനം നടത്തിയും വിദ്യാരംഭം നടത്താവുന്നതാകുന്നു.ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് “ഹരിശ്രീഗണപതയെനമ:” എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം. അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്‍റെ നക്ഷത്രക്കൂറിന്‍റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത്.വിദ്യാരംഭം സ്വന്തം വീട്ടിലെ പൂജാമുറിയിലായാലും ശുഭപ്രദം തന്നെയാകുന്നു.
തീയതികള്‍:2020 ഒക്ടോബര്‍ 23 (1196 തുലാം 07) വെള്ളിയാഴ്ച: ദുർഗ്ഗാഷ്ടമി (ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്പ്പ്)2020 ഒക്ടോബര്‍ 24 (1196 തുലാം 08) ശനിയാഴ്ച: മഹാനവമി, ആയുധപൂജ (വൈകിട്ട്)2020 ഒക്ടോബര്‍ 26 (1196 ‘തുലാം 10) തിങ്കളാഴ്ച: വിജയദശമി, പൂജയെടുപ്പ് (രാവിലെ), പൂജയെടുപ്പിനുശേഷം വിദ്യാരംഭം. 

?

ഏത് പ്രായത്തില്‍ വിദ്യാരംഭം നടത്താം?
രണ്ടര വയസ്സ് കഴിഞ്ഞാല്‍ ശുഭമുഹൂര്‍ത്തത്തില്‍ വിദ്യാരംഭം നടത്താമെന്നും വാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്‌. രണ്ടരവയസ്സ് കഴിഞ്ഞ് വിദ്യാരംഭം നടത്തുന്നതാണ് ഉചിതമെന്ന് കരുതുന്ന ആചാര്യന്മാരാണ് കൂടുതലുമുള്ളത്. ബുദ്ധി ഉദിച്ചുവരുമ്പോള്‍ പഠിക്കുന്ന ശീലങ്ങള്‍ക്ക്‌ അടുക്കും ചിട്ടയുമുണ്ടാകുമെന്നതാണ് അതിന്‍റെ നല്ലൊരു വശം. ആകയാല്‍ രണ്ടരവയസ്സ് മുതല്‍ വിദ്യാരംഭം നടത്താവുന്നതാണ്. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാനും രക്ഷകർത്താക്കൾ ശ്രമിക്കേണ്ടതാണ്. എന്തെന്നാൽ, ചിട്ടയായ വിദ്യാഭ്യാസം ഒരുവനെ നല്ല മനുഷ്യനാക്കി മാറ്റുകതന്നെ ചെയ്യും.

?

എന്താണ് വിദ്യാരംഭം?
വരദയും കാമരൂപിണിയുമായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാകുന്നു. വിദ്യാദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും. നമ്മിലെ സാംസ്ക്കാരികബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാകുന്നു.സരസ്വതീക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, സരസ്വതീപൂജകളും ദക്ഷിണാമൂര്‍ത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനില്‍ക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ശ്രീവിദ്യാ ഉപാസകനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്. എന്നാല്‍ പരസ്പരം ഷഷ്ഠാഷ്ടമം വരുന്ന കൂറുകാര്‍ എഴുതിക്കാനും പാടില്ല (മേടം-വൃശ്ചികം ഈ കൂറുകള്‍ തമ്മിലും, തുലാം-ഇടവം എന്നീ കൂറുകള്‍ തമ്മിലും ഈ ദോഷം പറയാനും പാടില്ല.വിദ്യാരംഭം കുറിയ്ക്കാനായി മാത്രം തയ്യാറാക്കിയ ചില ഓഫീസ്സ്, ആഡിറ്റോറിയങ്ങള്‍ എന്നിവ തീര്‍ച്ചയായും ഒഴിവാക്കുകതന്നെ ചെയ്യണം. നിത്യപൂജയുള്ളതും പരമപവിത്രവുമായ ക്ഷേത്രത്തില്‍ ചെയ്യുന്ന കര്‍മ്മഫലങ്ങളൊന്നും മറ്റെവിടെയും ലഭിക്കില്ലെന്ന് മനസ്സിലാക്കണം.മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടത്തുന്ന ഒരു ശുഭകര്‍മ്മം അത്യുത്തമം ആയിരിക്കും. 

?

പൂജവെയ്പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം2020 ഒക്ടോബര്‍ 23 (1196 തുലാം 07) വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെക്കാം.  കാരണം, വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസം പൂജവെക്കേണ്ടതാകുന്നു.  എന്നാല്‍ അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെക്കാനായി എടുക്കേണ്ടതുമാകുന്നു. മുന്‍കാലങ്ങളില്‍ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ഈ വര്‍ഷത്തെയും പൂജയെടുപ്പ് കഴിഞ്ഞ വർഷത്തെപ്പോലെ നാലാംദിവസമാകുന്നു.2020 ഒക്ടോബര്‍ 26 (1196 തുലാം 10) തിങ്കൾ – വിജയദശമി, പൂജയെടുപ്പ് (രാവിലെ). അന്ന് ക്ഷേത്രാചാരങ്ങള്‍ പ്രകാരം പൂജയെടുക്കാവുന്നതാണ്‌. തുടർന്ന് വിദ്യാരംഭം.വിദ്യാരംഭത്തിന് രാവിലെ 09.00 വരെ ശുഭപ്രദം. ആദ്യയാത്രയുടെ ആരംഭത്തിൽ മാത്രമാണ് രാഹുകാലം പൊതുവെ നോക്കാറുള്ളത്. ആകയാൽ വിദ്യാരംഭകാലത്ത് രാഹുകാലം നോക്കേണ്ടതില്ല. 

?

വിദ്യാരംഭം: മുഹൂര്‍ത്ത നിയമങ്ങള്‍കുജനിവാരങ്ങളോ ബുധമൗഢ്യമോ പാടില്ല. അഷ്ടമത്തില്‍ ചൊവ്വയോ, രണ്ടില്‍ പാപനോ, അഞ്ചില്‍ പാപനോ ഉള്ള രാശികള്‍ പാടില്ല. ശുഭനക്ഷത്രം ആയിരിക്കണം. അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം ഉത്തമ മുഹൂർത്ത ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ല. എന്നാൽ വിജയദശമി ആകയാൽ മുഹൂർത്തദോഷങ്ങൾ ചിന്തിക്കേണ്ടതുമില്ല.സ്വന്തം വീട്ടിലും നിലവിളക്ക് കൊളുത്തി, ഗണപതിയൊരുക്ക് വെച്ച്, പാത്രത്തില്‍ അരിയും നാണയവുമിട്ട്, വിരല്‍ പിടിച്ച് ആദ്യാക്ഷരങ്ങള്‍ കുറിപ്പിക്കാവുന്നതുമാകുന്നു. കുഞ്ഞുങ്ങളെ ക്ഷേത്രത്തില്‍ തന്നെ വിദ്യാരംഭം ചെയ്യിക്കണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല. സ്വന്തം വീട്ടിലും വിദ്യാരംഭം ചെയ്യാമെന്ന് സാരം.  എന്നാൽ മിക്ക ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനുള്ള കുഞ്ഞുങ്ങളുടെ ബാഹുല്യം കാരണം കൃത്യമായ മുഹൂര്‍ത്തം പാലിക്കാന്‍ സാധിക്കുകയില്ല. ക്ഷേത്രത്തിലാണെങ്കിൽ മുഹൂര്‍ത്തദോഷങ്ങള്‍ കാര്യമാക്കേണ്ടതുമില്ല. 

?

സ്വന്തം വീട്ടില്‍ പൂജവെപ്പ്, വിദ്യാരംഭം എന്നിവ നടത്താമോ?
പൂജവെയ്പ്പ്, വിദ്യാരംഭം എന്നിവ ക്ഷേത്രത്തില്‍ മാത്രമല്ല, നമുക്ക് ഈശ്വരസംതൃപ്തി നല്‍കുന്ന എവിടെവെച്ചും ചെയ്യാവുന്നതാകുന്നു. 

?

വിദ്യാരംഭ മുഹൂര്‍ത്തം:വിദ്യാരംഭത്തിന് തിരുവാതിരയും ഊണ്‍നാളുകളായ അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (16 എണ്ണം) എന്നീ നക്ഷത്രങ്ങളിലും വിദ്യാരംഭം നടത്താം. നവമിതിഥിയും കൊള്ളാം.രാത്രിയെ മൂന്നായി ഭാഗിച്ചാല്‍ അതിന്‍റെ ആദ്യ രണ്ടുഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂര്‍ത്തരാശിയുടെ അഷ്ടമത്തില്‍ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാര്‍ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വര്‍ജ്ജ്യങ്ങളാകുന്നു. വിദ്യാരംഭത്തിന്‍റെ അടുത്ത ദിവസം സാദ്ധ്യായ ദിവസവും ആയിരിക്കണം.

?

വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?
ക്ഷേത്രത്തില്‍ വെച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്‍റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. മാത്രവുമല്ല, ഈ വര്‍ഷത്തെ വിദ്യാരംഭ മുഹൂര്‍ത്തം അത്യുത്തമം ആകയാല്‍ ക്ഷേത്രത്തിലോ സ്വന്തം വീട്ടിലോ ഈ വര്‍ഷം ചതയം നക്ഷത്രക്കാര്‍ക്കും വിദ്യ ആരംഭിക്കാം. 

?

പൂജാരീതി:ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം. വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെക്കാം. ക്ഷേത്രങ്ങളില്‍ പൂജവെക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തേണ്ടതാകുന്നു. 

?

ഇപ്പോഴത്തെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ചടങ്ങുകളൊക്കെ പരിമിതമായിരിക്കാം.ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.ഗായത്രീമന്ത്രം:”ഓം ഭൂര്‍ ഭുവ സ്വ:തത്സവിതുര്‍ വരേണ്യംഭര്‍ഗ്ഗോദേവസ്യ ധീമഹി ധിയോ യോന: പ്രചോദയാത്”(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).

?

സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രം:”സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ”സരസ്വതീദേവിയുടെ ധ്യാനം:”യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർദ്ദേവൈ: സദാ പൂജിതാ സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ ശ്രീ മഹാസരസ്വത്യെ നമഃ”
സരസ്വതീദേവിയുടെ മൂലമന്ത്രം:”ഓം സം സരസ്വത്യെ നമഃ”സരസ്വതീഗായത്രി:”ഓം സരസ്വത്യെ വിദ്മഹേബ്രഹ്മപുത്ര്യെ ധീമഹിതന്വോ സരസ്വതി: പ്രചോദയാത്”സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രമോ ധ്യാനമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്. 
വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന്‍ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്‍ച്ചനകള്‍ക്കായി മിക്ക കര്‍മ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്. 
വിദ്യാലാഭമന്ത്രം:”ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം”

?

എന്നാണ് പൂജയെടുപ്പ്?
2020 ഒക്ടോബര്‍ 26 തിങ്കളാഴ്ച വിജയദശമി ദിവസം രാവിലെ പൂജാദികർമ്മങ്ങൾക്കുശേഷം പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം.അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണയും നല്‍കി വാങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇരുന്ന് മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും പിന്നെ അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം. 

?
=

സരസ്വതേ നമസ്തുഭ്യം.

(വാർത്തയ്ക്ക് കടപ്പാട്)