ആപ്പീസിലെ പണിക്കിടയില്‍  501 രൂപ രൊക്കം  കൊടുത്തു വാങ്ങിയ റിലയന്‍സ് ഫോണ്‍ 5001  രൂപയുടെ  അഹങ്കാരത്തോടെ കരയുന്നത് കേട്ട് ഞാന്‍ അതൊന്ന് എടുത്ത്  നോക്കി. 
പാലക്കാട്ടെ പുഷ്പമ്മായി ആണ്. 
” എത്ര കാലമായെടാ നീ ഇതുവഴി ഒക്കെ വന്നിട്ട്. ഒന്ന് വാടാ. രണ്ടീസം ഇവിടെ നിന്നിട്ട് പോകാം ” 
ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിന് മുന്നേ തന്നെ അമ്മായിയുടെ പടപടെന്നുള്ള ഡയലോഗ് ഫോണിന്‍റെ സ്പീക്കറില്‍ കൂടി പാഞ്ഞെത്തി.
” കൊറച്ചീസം കഴിയട്ടെ അമ്മായീ … കൊറേ സ്ഥലത്തും കൂടി പോവാനുണ്ട്. അതൊക്കെ ഒന്ന് തീര്‍ത്തു സ്വസ്ഥമായിട്ട് വരാം. “
” നിന്നോട് ഞാന്‍ പറഞ്ഞാ ശരിയാവൂല. ഞാന്‍ നിന്‍റെ മാമന്‍റെ കയ്യീ ഫോണ്‍ കൊടുക്കാം “
ശെന്റെ പള്ളീ … പെട്ട് !!!
പറഞ്ഞു തീര്‍ന്നതും തട്ടിപ്പറിച്ചു വാങ്ങുന്ന പോലെ ഫോണ്‍ വാങ്ങി മാമന്‍റെ ആദ്യ  ഡയലോഗ് എത്തി. 
” ഹല മര്വോനേ … “
“ഹല ഹല മാമാ …. ” 
“എന്തൊക്കെണ്ട്രാ വിശേഷങ്ങള്? “
“ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നു മാമാ. എന്തൊക്കെയാ അവിടത്തെ വിശേഷങ്ങള്? “
“ഓ.. പതിവുപോലെ നിന്‍റെ അമ്മായീടെ വായീന്ന് നല്ലോണം കേട്ട് സംതൃപ്തനായി അങ്ങനെ പോണു “
ഓണ്‍ ദി സ്പോട്ടില്‍ തന്നെ “ഭും” എന്നുള്ള ഒരു ശബ്ദവും അതിന് തൊട്ടു പിന്നാലെ തന്നെ മാമന്‍റെ “അയ്യോ…………!!!” എന്നുള്ള നിലവിളിയും ഫോണിലൂടെ കാറിക്കൂവി എത്തി.
” ഒരു മാറ്റോം ഇല്ലല്ലേ .. അമ്മായീനോട് എന്‍റെ അന്വേഷണം പറ “
“നീ തന്നെ നേരിട്ടങ്ങ് പറഞ്ഞാ മതി. നീ കേട്ട്യോളേം കൂട്ടി ഇങ്ങോട്ട് വാ. “
“രണ്ടീസം കഴിയട്ടെ മാമാ… “
“അതൊന്നും പറഞ്ഞാ പറ്റൂല. അവിടെ മല മറിച്ചിട്ട് അതിന്‍റെ മണ്ടേല്‍ കേറി നിന്ന് കുച്ചിപ്പുടി കളിക്കാന്‍ ഒന്നും ഇല്ലല്ലോ. നാളെ രാവിലത്തെ ട്രെയിനിനു കേറി ഇങ്ങു പോരെ. ഞാന്‍ സ്റ്റേഷനില്‍ കാത്ത് നിക്കാം “
” എന്നാപ്പിന്നെ അങ്ങനാട്ടെ. രാവിലത്തെ ട്രെയിനിന് ഞാനങ്ങു വരാം ” 
“എന്നാ വെക്കട്ടെ മര്വോനെ?” 
ഇത്രേം വച്ചത് പോരെ മാമാ എന്ന് ചോദിക്കാന്‍ നാക്ക് വളച്ചെങ്കിലും ഉത്തരം “ശരി മാമാ ” എന്നതില്‍ ഒതുക്കി. അങ്ങനെ ചിന്തിക്കാന്‍ കാരണം ഉണ്ട്.
കല്യാണം ഒക്കെ കഴിഞ്ഞ് അല്ലറ ചില്ലറ വിരുന്നുപോക്കും ചുമ്മാ ചുറ്റിയടിക്കലും ഒക്കെ കഴിഞ്ഞ് പാപ്പര്‍സൂട്ട് ആയി ഇരിക്കുന്ന സമയത്ത് തന്നെ മാമന്‍റെ ക്ഷണം. അടിപൊളി.
എന്തായാലും വിളിച്ചതല്ലേ.. പോയേക്കാം. അപ്പത്തന്നെ പെണ്ണുമ്പിള്ളയെ വിളിച്ച് പറഞ്ഞു.
“യെടീ .. ന്താ പരിപാടി?”
“ആടിന് പ്ലാവില കൊടുക്കുന്നു”
“ആടിന് പ്ലാവിലയോ? ഇച്ചിരി ഹോര്‍ലിക്സ് ഒക്കെ കലക്കി കൊടുക്കണ്ടേ? “
” ഞാന്‍ അടുക്കളയില്‍ പോയി നോക്കട്ടെ. ഉണ്ടോന്ന് ” കേട്ടപാതി കേക്കാത്തപാതി അവള് അടുക്കളയിലേക്ക് ഓടുന്ന ഒരു സൌണ്ടും തൊട്ടുപിന്നാലെ പത്ടോ … എന്നൊരു സൌണ്ടും ബിജിഎം ആയി കേട്ടു.
“എന്താടീ അവ്ടെ?”
“ചെറുതായി ഒന്ന് വീണതാ. 
“എന്തിന്?” 
” ആടിന് കൊടുക്കാന്‍ ഹോര്‍ലിക്സ് വല്ലതും അടുക്കളയില്‍ ഇരിപ്പുണ്ടോ എന്ന് നോക്കാന്‍ വേണ്ടി ഓടിയത്. ഓട്ടത്തിനിടയില്‍ പടി കണ്ടില്ല.”
” ഓക്കേ . എത്ര പല്ല് പോയി?”
” രണ്ടെണ്ണം….ഉം .. ഉം … പോ ഏട്ടാ.. പല്ലൊന്നും പോയില്ല. വീണത് ഓലക്കെട്ടിന് മോളിലെക്കാ ..”
” എന്നാലിനി ഹോര്‍ലിക്സ് ഒന്നും തപ്പി പോണ്ട ട്ടാ. തല്‍ക്കാലം ആട് പ്ലാവിലേം പുല്ലും തന്നെ തിന്നട്ടെ.”
“ആണല്ലേ.. അല്ല എന്താ വിളിച്ചേ?”
” നാളെ പാലക്കാട് പോണം. എല്ലാം റെഡി ആക്കി വച്ചോ “
” വഴീന്നു കഴിക്കാന്‍ ഉള്ള ഫുഡ്‌ ഒക്കെ എടുത്ത് വെക്കണോ?”
“ന്തിന്?????????????”
“വഴീന്ന് വെശക്കുമ്പോ കഴിക്കണ്ടേ? “
“നമ്മള് കാട്ടിലെക്കല്ല പോകുന്നത്. പോണ വഴിക്ക് ഹോട്ടലും കടകളും ഒക്കെ ഒണ്ട്. തല്‍ക്കാലം നീ മൂന്നാല് ദിവസത്തേക്കുള്ള ഡ്രസ്സ്‌ ഒക്കെ ഒന്ന് എടുത്ത് വെക്ക്. “
” അങ്ങനെ പറ. ഇപ്പൊ എടുത്ത് വെക്കാം ” 
അടുത്ത ഓട്ടത്തിന്റെയും വീഴുന്നതിന്റെയും സൌണ്ട് കേള്‍ക്കാനുള്ള ത്രാണി ഇല്ലാത്തത് കാരണം ഞാന്‍ അപ്പോതന്നെ ഫോണ്‍ കട്ട് ചെയ്തു. 
പിറ്റേന്ന് അതിരാവിലെ തന്നെ എണീറ്റ്‌ പരപ്പനങ്ങാടി റെയില്‍വേ സ്റ്റെഷനിലെക്ക് പോയി. 6 മണിക്ക് വരേണ്ട ട്രെയിന്‍ ദൈവം സഹായിച്ച് കൃത്യം 9 മണിക്ക് തന്നെ എത്തി. 
ട്രെയിന്‍ നിര്‍ത്തിയ പാടെ അവള് ഇറങ്ങുന്നവരെ ഒക്കെ ഉന്തി മാറ്റി ട്രെയിനിലേക്ക്‌ നൂണ്ടു കയറി.  കയ്യില്‍ ഒരു ബാഗും തോളില്‍ തൂക്കിയിട്ട വേറൊരു ബാഗും ഇറങ്ങുന്ന ആളുകളുടെ ഇടയില്‍ കുരുങ്ങുകയും അവള് അത് വലിച്ചെടുക്കുകയും അതിനിടയില്‍ തോളില്‍ തൂക്കിയിട്ട ബാഗ് വേറൊരു പെണ്ണിന്‍റെ തോളിലോട്ടു പോവുകയും ആ പെണ്ണ് ഇതൊന്നുമറിയാതെ അപ്പ്രത്തെ സ്റ്റാന്‍ഡില്‍ പോകാന്‍ റെഡി ആയി നില്‍ക്കുന്ന ബസ്സിനടുത്തെക്കു ചെറിയ രീതിയില്‍ ഓടുകയും ചെയ്തു. 
തന്‍റെ ബാഗും കൊണ്ട് ഒരുത്തി ട്രെയിനില്‍ നിന്നും ഇറങ്ങി ഓടുന്നത് കണ്ട പെണ്ണുമ്പിള്ളക്ക് കുരുപൊട്ടി. കയ്യിലിരുന്ന ബാഗ് പ്ലാറ്റ്ഫോമില്‍ ഇട്ട് “എന്‍റെ ബാഗ് താടീ പൂതനേ…. ” എന്നുള്ള മുദ്രാവാക്യം വിളിയോടുകൂടി ആ പെണ്ണിന്‍റെ പിറകെ ഓടി. അല്പസമയത്തിനു ശേഷം അവള് ബാഗും കയ്യില്‍ പിടിച്ച് വിജയശ്രീലാളിതയായി തിരിച്ചു വരുന്നത് കണ്ടു. 
” ഏട്ടാ ബാഗ് കിട്ടി !!!!! ” 
അവളുടെ കയ്യില്‍ ഇരിക്കുന്ന ബാഗ് കണ്ടു സന്തോഷം വന്നെങ്കിലും ബാഗെടുത്തോണ്ട് പോയ പെണ്ണിന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് അറിയാന്‍ ഞാന്‍ ആ സൈഡിലേക്ക് ഒന്ന് ഇടംകണ്ണിട്ടു നോക്കി. കുറുക്കന്റെ പിടിയില്‍ നിന്നും രക്ഷപെട്ട കോഴിയെപ്പോലെ പാതി പപ്പും പൂടയും പോയി ആ സ്ത്രീ പ്ലാറ്റ് ഫോമില്‍ നിന്നും ബസ് സ്റ്റാന്ഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് നില്‍ക്കുന്നുണ്ട്. ഒരൊറ്റ മിനിറ്റിനുള്ളില്‍ എന്തൊക്കെയാ തന്‍റെ ശരീരത്തില്‍ സംഭവിച്ചതെന്ന് ആ പാവത്തിന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് ആ നില്‍പ്പ് കണ്ടാല്‍ത്തന്നെ അറിയാം. . ആ സ്ത്രീ ഇനി വേറെ ആരെയെങ്കിലും വിളിച്ചു വരുന്നതിനു മുന്നേ രക്ഷപെട്ടുകളയാം എന്ന് കരുതി പെണ്ണുമ്പിള്ളയെ നോക്കി. അവള് നിന്നിടം ശൂന്യം !!!!
മാതാവേ .. ഇനി അവളെങ്ങാന്‍ ബാക്കി പ്രതികാരം ചെയ്യാന്‍ വേണ്ടി ആ പെണ്ണിന്‍റെ പുറകെ പോയോ? 
“ഏട്ടാ …. ” നീട്ടി ഒരു വിളി കേട്ടു അവള് വീണ്ടും ഇടിച്ചുകുത്തി ട്രെയിനിന്‍റെ ഉള്ളില്‍ കേറിയിട്ടുണ്ട്. ഭാഗ്യം!!! 
“വേഗം കേറിവാ .. കൊറേ സീറ്റ് ഒണ്ട് ” ഇറങ്ങുന്നവരുടെ ഇടയില്‍കൂടി തല മാത്രം എങ്ങനെയൊക്കെയോ പുറത്തേക്കു നീട്ടി അവള്‍ എന്നോട് വിളിച്ചു പറഞ്ഞു.
“വരുന്നു.. നീ സീറ്റില്‍ കേറി ഇരി ” കരയാനും ചിരിക്കാനും തലയില്‍ കൈവച്ച് പ്ലാറ്റ്ഫോമില്‍ ചുമ്മാ ലേശം നേരം ഇരിക്കാനും തോന്നിയെങ്കിലും അവളോട്‌ അത്രേം പറഞ്ഞതിന് ശേഷം ഞാനും ട്രെയിനിലേക്ക്‌ കേറി. അവള് അപ്പഴേക്കും കാലിയായിക്കിടന്നിരുന്ന ഒരു സീറ്റില്‍ രാജകീയ സ്റ്റൈലില്‍ വിന്‍ഡോ യുടെ അടുത്ത് തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. 
“എടീ നീയെന്താ ആ പെണ്ണിനെ ചെയ്തേ? ” ഞാന്‍ കട്ടക്കലിപ്പ് മോഡ് ഓണ്‍ ചെയ്തു. 
” ഞാനൊന്നും ചെയ്തില്ല ഏട്ടാ.. എന്‍റെന്ന് എടുത്തോണ്ട് പോയ ബാഗ് തിരിച്ചു വാങ്ങിക്കുക മാത്രേ ചെയ്തോള്ളൂ!!! ” അവളുടെ മുഖത്ത് കിലുക്കം സിനിമയില്‍ രേവതിയുടെ മുഖത്ത് കണ്ട അതേ നിഷ്കളങ്ക ഭാവം 
ആ ഭാവം മാറ്റാതെ തന്നെ അവള് വിന്‍ഡോയിലൂടെ പുറത്തെ കാഴ്ചകളായ പണിക്കു പോകുന്ന ബംഗാളികള്‍, ഒന്നുരണ്ടു പിച്ചക്കാര്‍, കുറച്ചു വിദ്യാര്‍ഥികള്‍ എന്നിവരെ നോക്കി
സഹിച്ചല്ലെ പറ്റൂ.. കെട്ട്യോളായിപ്പോയില്ലേ …
ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയിരുന്നു. അപ്പുറത്തെ കമ്പാര്‍ട്ട്മെന്റില്‍ നിന്നും “കാപ്പീ .. കാപ്പീ …. ” എന്നുള്ള പാട്ട് കേട്ടു. 
“നെനക്ക് കാപ്പി വേണോ? ” ഞാന്‍ അവളോട്‌ ചോദിച്ചു. അവള് ജനലിലൂടെ പുറത്തേക്ക് തലയിട്ട് കാഴ്ചകള്‍ കാണുകയാണ്. എന്‍റെ ചോദ്യം കേട്ട് അവള്‍ പുറത്തുനിന്നും തല എടുത്ത് ട്രെയിനിന്‍റെ ഉള്ളിലേക്ക് വച്ചു. 
“വേണം .. ഇടിയപ്പവും കോഴിക്കറിയും കൂടി വാങ്ങ് “
അവളുടെ ഉത്തരം കേട്ടതോടെ എന്‍റെ തലക്കകത്ത് നിന്നും നാനാതരം കിളികള്‍ ചെവിയിലൂടെയും കണ്ണിലൂടെയും പറന്നുപോയി. 
” ഇച്ചിരി ചിക്കന്‍ ബിരിയാണി ആയാലോ? ” പറന്നു നടക്കുന്ന കിളികളെ കൈമാടി വിളിച്ച് തലക്കകത്ത് തന്നെ പിടിച്ച് ഇട്ടശേഷം ഞാന്‍ അവളോട്‌ ചോദിച്ചു.
” ആ. എന്നാ ബിര്യാണി മതി !!” 
ഞാന്‍ എന്‍റെ തല വിന്‍ഡോയില്‍ ഇട്ട് നാല് ഇടി ഇടിച്ചു. അതിന് മറുപടി ഒന്നും പറയാന്‍ നിന്നില്ല. എന്തേലും ചോദിച്ചാല്‍ ചെലപ്പം എന്‍റെ തല ഞാന്‍ ഇടിച്ചു പൊളിക്കേണ്ടി വരും.
രണ്ടു കാപ്പി വാങ്ങി. ഗ്ലാസില്‍ കാപ്പിയെക്കാള്‍ കൂടുതല്‍ പത. അവളാണെങ്കില്‍ കാപ്പിയിലെ പതയോടെ കുടിച്ച് വെള്ളക്കളര്‍ മീശയും വച്ച് ഇരിപ്പുണ്ട്. 
“ഈ ഗ്ലാസ് എന്താ ചെയ്യാ? ” വെള്ള മീശ വിറപ്പിച്ചുകൊണ്ട്‌ അവള്‍ ഗ്ലാസ് ഉയര്‍ത്തി എന്നോട് ചോദിച്ചു
” ബാഗില്‍ എടുത്ത് വെക്ക്. ട്രെയിന്‍ ഇറങ്ങുമ്പോ കാണിച്ചു കൊടുക്കേണ്ടി വരും “
“ആണല്ലേ … ” അവള് ബാഗ് തുറന്ന് ഗ്ലാസ് അകത്തു വെക്കാനുള്ള തയ്യാറെടുപ്പാണ്
“പൊന്നളിയാ .. ആ ഗ്ലാസ് അങ്ങോട്ട്‌ കള !!!! ” എന്‍റെ കുരു അടപടലം പൊട്ടി. 
“അപ്പൊ ട്രെയിന്‍ ഇറങ്ങുമ്പോ ? …. “
ഞാന്‍ അവളെ ആഞ്ഞു തൊഴുതു. 
“കളിയാക്കീതാ ല്ലേ?… ” അവള് പിനങ്ങിക്കൊണ്ട് ഗ്ലാസ് ജനല്‍ വഴി പുറത്തേക്ക് ഒരൊറ്റ ഏറു വച്ചുകൊടുത്തു. 
പത്തു സെക്കന്റ് കഴിയുന്നതിനു മുന്നേ ഒരാള് ഓടി വരുന്നത് കണ്ടു. അയാളെ കണ്ട പെണ്ണുമ്പിള്ള ആഹ്ലാദം കൊണ്ട് കൈകൊട്ടി
“ഹായ് ക്രിസ്മസ് അപ്പൂപ്പന്‍ … !!!!! “
“ക്രിസ്മസ് അപ്പൂപ്പന്‍ അല്ല.. നിന്‍റെ കുഞ്ഞമ്മേടെ അപ്പൂപ്പന്‍ … ” വന്ന ആള്‍ താലയിലും മുഖത്തും നിറയെ വെള്ളപ്പതയും തേച്ച് കോപത്താല്‍ വിറച്ചു
“എന്താ ചേട്ടാ പ്രശ്നം? ” ഞാന്‍ അയാളോട് ചോദിച്ചു
” എടൊ .. ഞാന്‍ ആ ചവിട്ടുപടിയില്‍ ഇരിക്കുവാര്‍ന്നു. അപ്പൊ ഈ കിളിപോയ പെണ്ണ് കാപ്പി ഗ്ലാസും വച്ച് എന്‍റെ മുഖത്തേക്ക് ഒരൊറ്റ ഏറ് !!!. എന്‍റെ മോന്ത നോക്ക് … ” അയാള് സംഭവം വിശദീകരിച്ചു. എന്തായാലും പറഞ്ഞതല്ലേ. അയാളുടെ മുഖത്തേക്ക് നോക്കിക്കളയാം എന്ന് കരുതി ഒരു നോട്ടം നോക്കി. നോക്കിക്കഴിഞ്ഞതിനു ശേഷം ആണ് നോക്കണ്ടായിരുന്നെന്നു തോന്നിയത്. അയാളുടെ മുഖം കണ്ട എനിക്ക് അറിയാതെ ചിരിപൊട്ടി. വയറിളക്കം പിടിച്ച കാക്ക തലയില്‍ കാഷ്ടിച്ചത് പോലെ ഉള്ള ഒരു അവസ്ഥ. പെണ്ണുമ്പിള്ള അപ്പോഴും ക്രിസ്മസ് അപ്പൂപ്പന്റെ കയ്യില്‍ നിന്നും സമ്മാനപ്പൊതി കിട്ടും എന്നുള്ള ഭാവത്തില്‍ നോക്കി നിക്കുവാണ്.
അയാളെ ഒരുതരത്തില്‍ സമാധാനിപ്പിച്ച് പറഞ്ഞയച്ചു. അപ്പൊ അവളുടെ അടുത്ത ചോദ്യം. 
” എനിക്കൊരു കാപ്പീം കൂടി വേണം. വാങ്ങിച്ചു താ … “
“നെനക്ക് കാപ്പീം ഇല്ല ഒരു കോപ്പും ഇല്ല. മിണ്ടാതെ ഇരിയെടീ അവ്ടെ !!!! “
എന്‍റെ അലര്‍ച്ച കേട്ട് ട്രെയിന്‍ ഞെട്ടിച്ചാടി. പാളം വരെ രണ്ടു കുലുക്കം കുലുങ്ങി. ( കേളന്‍ കുലുങ്ങിയില്ല. പ്ലീസ് നോട്ട് ദി പോയിന്റ് ) അവള് പിണങ്ങിക്കൊണ്ട് മോന്തയും വീര്‍പ്പിച്ച് വീണ്ടും പുറത്തേക്കു നോക്കി ഇരിപ്പ് തുടര്‍ന്നു.

ആനന്ദ് ശങ്കർ