പ്രണവമാധാരമന്ത്രമാക്കിയ
ഓങ്കാരാധിഷ്ഠിതമാമൊരു
ശംഖ് പോലെ പ്രകൃതി
പ്രണവം പ്രണയമിണങ്ങിയ
പ്രപഞ്ച ഗീതമായി ഭൂമിയെ
തൊട്ടുണർത്തുന്ന
മോഹനവേളയിൽ,

ഒരേ മുഖമുള്ള രണ്ടു ദു:ഖങ്ങൾ
 ഭൂമിയുടെ ഇരു കോണുകളി
ലിരുന്നു കേൾക്കുന്ന
മറുപാതിയിലെ
ഗന്ധർവ ഗീതങ്ങൾ…

ഓ… ജീവേശ്വരാ!
പ്രപഞ്ചത്തെ
 സ്വസ്തിയാൽ പൊതിയുന്ന
 ആദിനാദമേ ..
ദുഃഖമെന്ന മൂലകണത്തിലൂടെ 
എന്നോ ഞാൻ നിന്നെ
അറിഞ്ഞിരിക്കുന്നു…

ജനിമൃതികളുടെ
സഞ്ചാരപഥങ്ങളിൽ
അലംഘനീയമായ 
പരിണാമങ്ങളാൽ
വിളർത്തും തളിർത്തും
കുതിച്ചും കിതച്ചും
നിന്നിലേക്ക് നീളുന്ന 
ജൻമാന്തര ബന്ധങ്ങൾ…

വാക്കുകളാൽ തെളിയാത്ത
ഹൃദയരഹസ്യം
താരകമിഴികളിൽ
തിളങ്ങി വിളങ്ങുമൊരു
രാവിൻ സാന്ദ്ര നീലിമയിൽ
ഗഗനചാരുതകൾ
മേലാപ്പ് ചാർത്തിയ
മനോജ്ഞ താഴ്വരയിൽ
ഇരു ദിശകളിൽ
നിന്നൊഴുകിയെത്തുന്ന
കല്ലോലിനികളുടെ
സംഗമസ്ഥലിയിൽ

അനാദിയായ പ്രണയത്തിലേക്ക്
മിന്നി മിന്നിത്തിളങ്ങി
പറന്നിറങ്ങുന്ന
രണ്ട് പ്രഭാ രേണുക്കളായി
കാലം നമ്മെ 
അടയാളപ്പെടുത്തും വരെ,
അതുവരെ
നീ ആത്മതീരത്തു
പൂത്തു നിറയുക…
ഗന്ധരാജ സുഗന്ധമേ ….!

…അഞ്ചല ലോപ്പസ്…