വെറുതേ ഇരിക്കുമ്പോൾ മുന്നോട്ട് നടന്ന അതേ വഴികളിലൂടെ പിന്നോട്ട് നടക്കുക എനിക്കൊരു ശീലമാണ്. പുറകോട്ടുള്ള യാത്രയിൽ നേരത്തെ കണ്ടിട്ടുള്ള പല മുഖങ്ങളും മറവിയുടെ മഞ്ഞുപാളിയിൽ ആണ്ടു പോയിരിക്കുന്നു. വേറെ ചിലത് ജീവിതയുദ്ധത്തിൽ പുരണ്ട കറുപ്പു ചായത്തിൽ വികൃതമായിരിക്കുന്നു. എന്നാൽ മറ്റു ചില മുഖങ്ങൾ, മൽസരിച്ചോടുന്ന വർഷ ഋതുക്കളിൽ അൽപം പോലും ചുളിവുപറ്റാതെ പുഞ്ചിരിയുടെ അകമ്പടിയോടുകൂടി കൺമുൻപിൽ നിറഞ്ഞാടുന്നു. ” എണ്ണക്കറുപ്പിനേഴഴക് ” എന്ന് കഴിവുറ്റ ഏതോ ഗാന രചയിതാവെഴുതിയ വരികളെ അന്വർത്ഥമാക്കുന്ന ഒരു മുഖം അതിലൊന്നാണ്. സ്നേഹത്തിന്റെ കുങ്കുമരാശി പടർന്ന അഴകുള്ള കറുത്ത ഒരു മുഖം….
നാലാം ക്ലാസ്സിൽ വെച്ചാണ് ഞാനവളെ പരിചയപ്പെടുന്നത്. പഠിക്കാൻ വളരെ മിടുക്കില്ലങ്കിലും അധ്യാപകരുടെ ഇടയിൽ ” തരക്കേടില്ല ” എന്ന അഭിപ്രായം എന്നെപ്പറ്റി ഉണ്ടായിരുന്നു. അക്കാരണത്താൽ ക്ലാസ്സിൽ മുൻ ബഞ്ചിൽ തന്നെയാണ് ഇതുവരെ ഇരിപ്പിടം കിട്ടിയതെല്ലാം. എന്നോട് ചേർന്ന് അവളും…. വളരെ അപൂർവ്വമായ ഒരു പേരായിരുന്നു അവളുടേത്. ”ബിജിത” പെട്ടന്ന് തന്നെ ബിജിത എനിക്ക് ” ബിജി “യായി മാറി.
കുട്ടിക്യൂറാ പൗഡറും പൂശി നല്ല കുപ്പായവുമിട്ടു പോകുന്ന എനിക്ക് ബിജിയുടെ പഴയ കുപ്പായത്തിൽ നിന്നുയരുന്ന ഒരു പ്രത്യേക ഗന്ധം അസഹ്യമായ് തോന്നി.(അന്നം വിളയുന്ന പവിത്രമായ ചേറിന്റെ മദിപ്പിക്കുന്ന ഗന്ധമായിരുന്ന് അത്. അറിവില്ലാത്ത ഞാൻ അതിനെ ദുർഗന്ധമായ്ക്കണ്ടു ) തലമുടിയിൽ എണ്ണ തേയ്ക്കാറില്ലന്ന് കണ്ടാലറിയാം. ആകാശനീല നിറത്തിൽ ചെറിയ പൂക്കളുള്ള ഒരു പാവാടയും ഒരു ചുവന്ന ബ്ളൗസുമാണ് അവളുടെ വേഷം. ചുവന്ന ബ്ളൗസിലെ കറുത്ത ഒരു ബട്ടൺ പൊട്ടിപ്പോയതിനാലാകാം ആ സ്ഥാനത്ത് ഒട്ടും ചേർച്ചയില്ലാതെ ഒരു വെള്ള ബട്ടൺ തുന്നിച്ചേർത്തിരിക്കുന്നു. കൈത്തണ്ടകൾ മെഴുക്കു മയമില്ലാതെ പൊരിഞ്ഞിരിക്കുന്നു. കണ്ടാലറിയാം ദാരിദ്ര്യത്തിന് കുറവൊന്നുമില്ലന്ന്.
ഒരിക്കൽ ബോർഡിൽ എന്തോ എഴുതിയിട്ട് ടീച്ചർ പറഞ്ഞു: ‘ഇതെല്ലാവരും എഴുതിയെടുത്ത് നാളെ കാണാതെ പഠിച്ചു കൊണ്ടുവരണം” കുട്ടികളെല്ലാം ബുക്കും പെൻസിലും എടുത്ത് എഴുതാൻ ആരംഭിച്ചു. എന്റെ തോൽബാഗിൽ പുസ്തകങ്ങൾക്കിടയിൽ ഞാൻ പെൻസിൽ തിരഞ്ഞു.. ബാഗിലൊരിടത്തും പെൻസിൽ കാണാനില്ല.. എല്ലാവരും എഴുതുന്നു.. ഞാൻ മാത്രം….
ടീച്ചർ വഴക്കു പറയുമോന്നുള്ള പേടിയാൽ എന്റെ കണ്ണുകൾ നിറഞ്ഞു. എഴുതിക്കൊണ്ടിരുന്ന ബിജി എന്നെ നോക്കി.” എന്റെ പെൻസിൽ കാണാനില്ല ” ഞാൻ കരഞ്ഞുകൊണ്ട് അവളോട് പറഞ്ഞു. അവൾ എഴുത്തു നിർത്തി തന്റെ ചുവടുകീറിയ പുസ്തക സഞ്ചിയിൽ കയ്യിട്ട് കുഞ്ഞു വിരലിന്റെ വലിപ്പം മാത്രമുള്ള എഴുതി തേഞ്ഞ ഒരു പെൻസിൽ പുറത്തെടുത്തു.എന്നിട്ട് അതുവരെ അവളെഴുതിക്കൊണ്ടിരുന്ന പുതിയ.. വലിയ പെൻസിൽ എനിക്ക് നീട്ടി ” നീ ഇത് കൊണ്ടെഴുതിക്കോ… ഞാനിതു കൊണ്ടെഴുതിക്കോളാം” എന്ന് പറഞ്ഞു കൊണ്ട് നീളമില്ലാത്ത പെൻസിൽ കൊണ്ട് വീണ്ടും എഴുതാൻ തുടങ്ങി.
ഇതുവരെ ഞാൻ അവജ്ഞയോടെ നോക്കിക്കൊണ്ടിരുന്നവളാണ്… നിഷ്കളങ്കമായ ആ സ്നേഹത്തിൽ ഞാൻ പകച്ചു.. ശബ്ദമില്ലാതെ കരഞ്ഞു. ഒരു തുള്ളി കണ്ണുനീരൊലിച്ചിറങ്ങി കവിളിൽ നിന്നടർന്ന് ഒരു ഗോളമായ് ഡസ്ക്കിൽ വീണു. ഉരുണ്ടു പോകാതെ ഡസ്ക്കിൽ പറ്റിക്കിടക്കുന്ന ആ കണ്ണീർ ഗോളത്തിലേക്ക് സൂക്ഷിച്ചു നോക്കിയ ഞാൻ കണ്ടു…. അതിനുള്ളിൽ മഴവില്ലിന്റെ ഏഴു നിറങ്ങൾ.. അതിനുള്ളിൽ എണ്ണക്കറുപ്പുള്ള പുഞ്ചിരിക്കുന്ന ഒരു മുഖം…. കൂടെ മൂന്നക്ഷരങ്ങളും….. സ്… നേ.. ഹം
ഞങ്ങൾ ആത്മസഖികളാകാൻ വേണ്ടി കാലമൊരുക്കിയ ഒരു കളിയായിരുന്നോ അത്..?
12 മണിക്ക് ഉച്ചഭക്ഷണത്തിനുള്ള മണിമുഴങ്ങും. തുണി സഞ്ചിയിൽ നിന്ന് നടുവേ മടക്കിയ രണ്ടു വട്ടയിലയുമായ് അവൾ വരാന്തയിലേക്ക് പോകും. അപ്പോഴേക്കും മറ്റു ചില കുട്ടികളും അവിടെ എത്തും. ആ കാലത്ത് ഉച്ചക്കഞ്ഞിയില്ല ഉപ്പുമാവാണ്.. നിരനിരയായ് വരാന്തയിൽ രണ്ടു സൈഡിലായിരിക്കുന്ന കുട്ടികൾക്ക് ചിരട്ടത്തവികൊണ്ട് ഓരോ തവി ഉപ്പ് മാവ് വിളമ്പും.. രണ്ടാമത് വേണ്ടവർക്ക് പിന്നീട് അരത്തവിയും കൂടി ഇട്ടു കൊടുക്കും. ആദ്യം വിളമ്പിയത് ആർത്തിയോടെ അവൾ വാരിത്തിന്നും. രാവിലെ ഒന്നും കഴിക്കാത്തതിനാൽ സ്കൂളിലെ ഉപ്പ് മാവിന് വളരെ രുചി തോന്നും. അത് കഴിച്ച് കഴിഞ്ഞ് പൈപ്പിലെ വെള്ളവും കുടിക്കും. തിരികെ ക്ലാസ്സിലെത്തുന്ന അവളുടെ കയ്യിൽ എന്നും ഒരു ചെറിയ പൊതി കാണും. ” അനിയന് കൊടുക്കാനാ.. കാല് വയ്യാത്തവനാ”,ഒരിക്കൽ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു.. വെള്ളയടിച്ച സ്കൂൾ ഭിത്തിയിലേക്ക് നോട്ടമയച്ച് അവൾ ഡസ്ക്കിലേക്ക് തല ചായ്ച്ചു…
ചെറുമി വിഭാഗത്തിൽപ്പെട്ടതാണ് അവൾ. അച്ഛനും അമ്മയും അനിയനുമുണ്ട്. ജൻമനാ നടക്കാൻ ശേഷിയില്ല അനുജന്. ഓല മേഞ്ഞ കുടിലിൽ നാലുപേർ തിങ്ങി ഞെരുങ്ങി തള്ളി നീക്കൂന്നു.. ഓരോ ദിവസവും. വയലിലെ പണിയാണ് അച്ഛനും അമ്മയ്ക്കും. നെൽ കൃഷി തുടങ്ങുമ്പോൾ കുറച്ചു ദിവസം പണി കാണും. വല്ലപ്പോഴും പുറം പണിക്ക് ആരെങ്കിലും വിളിച്ചെങ്കിലായി…. അല്ലാത്തപ്പോളൊക്കെ എങ്ങനെയൊക്കയോ കഴിഞ്ഞുകൂടുന്നു..
ഞാറ് നടാനും കൊയ്യാനും കറ്റ മെതിക്കാനും ചുമക്കാനും ഒക്കെപ്പോകും. അന്ന് ജോലിക്ക് കൂലിനെല്ലാണ് കിട്ടുന്നത്. സൂര്യനുദിക്കും മുൻപ് നടാനിറങ്ങും. പറിച്ചെടുത്ത ഞാറുകൾ വരി തെറ്റാതെ നടണം.. കുനിഞ്ഞു നിന്നുള്ള പണിയാണ്.. വെയിൽ മൂക്കുമ്പോൾ ഒരിലത്തണൽ പോലുമില്ലാത്ത കണ്ടത്തിൽ കുനിഞ്ഞു നിൽക്കുന്നവരുടെ മുതുകും പുറവും വെയിലേറ്റ് കഴച്ചു പൊട്ടും.എന്നാലും ഒന്ന് നിവരാൻ വയലുടമ സമ്മതിക്കാറില്ല. കുനിഞ്ഞു നിൽക്കുന്ന… ജോലി ചെയ്തുറച്ച ചെറുമിയുടെ മാറിന്റെ മുഴുപ്പും വയറിന്റെ ഒടിവും ചലിക്കുന്ന നിതംബവും കണ്ടാസ്വദിച്ച് മേലാളൻ കുടയും പിടിച്ച് വരമ്പിൽ നിൽക്കുന്നുണ്ടാവും.
പതിനൊന്ന് മണിക്ക് അൽപം വിശ്രമിക്കാം.. കഞ്ഞി സമയമാണ്. ഉടമസ്ഥന്റെ വീട്ടിൽ നിന്നു കൊണ്ടുവന്ന കുത്തരിക്കഞ്ഞിയും ചക്കപ്പുഴുക്കും കടുമാങ്ങയും.. കഞ്ഞിയെന്നു പേര് മാത്രമേയുള്ളൂ. മുങ്ങി നോക്കിയാൽ രണ്ട് വറ്റ് കിട്ടിയെങ്കിലായി. ചൂടു കഞ്ഞി വെള്ളം ചെന്നപ്പോൾ വെയിൽ കൊണ്ട ശരീരത്തിനൊരാലസ്യം. തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് നിലത്ത് വിരിച്ച് ചിലരതിലേക്ക് മലർന്നു കിടക്കും… മറ്റു ചിലർ ചേറ് പുരണ്ട് നിറം മാറിയ പ്ലാസ്റ്റിക്ക് കൂടെടുത്ത് നിവർത്തും. വാടിയ വെറ്റയിൽ ഉണങ്ങിയ ചുണ്ണാമ്പ് തേച്ച് വിരലുകൾക്കിടയിൽ പിടിക്കും… നുറുക്കി വെച്ചിരിക്കുന്ന അടയ്ക്കയെടുത്ത് ഒന്നൂതി ചൊരുക്കുകളഞ്ഞ് വായിലേക്കെറിയും… കൂടെ തെറുത്ത വെറ്റില വായിലേക്ക് തള്ളും… അതൊന്നു പതമാകുമ്പോൾ നീട്ടി ഒന്നു തുപ്പും.. വലിയ ഒരു കഷണം പുകയില ഞെട്ട് കൂടി വായിലേക്കിട്ട് പ്ളാസ്റ്റിക്ക് പൊതി പഴയതുപോലെ കെട്ടി മടിയിൽ വെച്ച് കിടക്കുന്നവരെ വിളിച്ചെഴുന്നേൽപ്പിച്ച് വീണ്ടും പാടത്തേക്കിറങ്ങും.
നടീൽ കഴിഞ്ഞാൽപ്പിന്നെ കുറേ നാളത്തേക്ക് പണിയുണ്ടാവില്ല. പിന്നെയുള്ളത് കളപറിക്കലാണ്. മുട്ടറ്റം വളരുന്ന നെൽച്ചെടികൾക്കിടയിൽ ഉണ്ടാവുന്ന ഒരു സസ്യമാണ് ‘ കള” അത് പറിച്ചു കളഞ്ഞില്ലങ്കിൽ നെല്ലിനിടുന്ന വളം മുഴുവൻ അത് വലിച്ചെടുക്കും. വിളവ് കുറയും. അതും ഒന്നോ രണ്ടോ ദിവസത്തേയ്ക്കേ കാണു . കൊയ്ത്ത് കഴിഞ്ഞ് നെല്ലൊരുക്കിക്കഴിയുമ്പോൾ ഒരു പറ കണ്ടത്തിന് ഇത്ര നെല്ല് എന്ന് കണക്കാക്കി കൂലി കൊടുക്കും. അങ്ങനെ കിട്ടുന്ന നെല്ല് ചാക്കിലാക്കി കുടിലിലെത്തിക്കും. അതിൽ നിന്ന് ഒരു മണി നെല്ലു പോലും കുത്തി അവർ കഞ്ഞി വെയ്ക്കില്ല… കുറേശ്ശെയായി വിറ്റ് റേഷനരിയും കപ്പയും മേടിക്കും. കുറേ നാളത്തേക്ക് പട്ടിണി മാറി നിൽക്കും.
ചൊവ്വാഴ്ച സ്കൂളിൽ നിന്നു പോയ ബിജി വെള്ളിയാഴ്ചയാണ് ക്ലാസ്സിലെത്തിയത്.. വയറുവേദനയും ഛർദ്ദിയും ആയിരുന്നു. ഡോക്ടറെക്കണ്ടപ്പോൾ ഇനി ഉപ്പ് മാവ് കഴിക്കരുതെന്ന് പറഞ്ഞന്ന് പറഞ്ഞു. അന്നവൾ വന്നത് അടപ്പു ചളുങ്ങിയ ഒരു ചോറ്റുപാത്രവും തൂക്കിപ്പിടിച്ചാണ്. ഉച്ചക്ക് കഴിക്കാനിരുന്നപ്പോൾ എനിക്ക് സന്തോഷമായി. ഇനിയെന്നും അവളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാലോ..
ഭംഗിയുള്ള വട്ടപാത്രത്തിന്റെ മൂടി തുറന്ന് ഞാൻ വീട്ടിൽ നിന്നും തന്നു വിട്ട വിഭവങ്ങൾ നിരത്തി. അൽപം ജാള്യ ത്തോടെ.. എന്നാൽ തല ഉയർത്താതെ എന്നെ നോക്കിക്കൊണ്ട് അവൾ ചോറ്റുപാത്രത്തിന്റെ മൂടി തുറന്നു… റേഷനരിയുടെ കുഴഞ്ഞ ചോറും അൽപം ചമ്മന്തിയും മെഴുക്കുപുരട്ടി പോലെ ഏതാണ്ടൊന്നും… എനിക്ക് മനസ്സിൽ ഒരു സങ്കടക്കടൽ ആഞ്ഞടിക്കുന്നു. ഞാൻ വേഗം കൊണ്ടുവന്ന വിഭവങ്ങൾ രണ്ടായി പകുത്തു. ഒരു വിഹിതം അവളുടെ ചോറു പാത്രത്തിന്റെ മൂടിയിലേക്ക് വെച്ചു. അവളെന്നെ ഒന്നു നോക്കി.. ജീവിതത്തിൽ പല മുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട്… പല വികാരപ്രകടനങ്ങൾക്കും ഞാൻ സാക്ഷിയായിട്ടുണ്ട്.. പക്ഷേ കാലമിത്രയായിട്ടും അന്നവൾ നോക്കിയ ആ നോട്ടം….. അതിന്റെ അർത്ഥം ഇന്നുമെനിക്ക് മനസ്സിലായിട്ടില്ല…..
ബിജിയുടെ കാര്യം ഞാൻ വീട്ടിൽപ്പറഞ്ഞു. പിറ്റേ ദിവസം മുതൽ ഞാൻ കൊണ്ടുവരുന്നതിന്റെ ഒരു പങ്ക് ബിജിക്കും കൂടിയായി. എന്റെ പിറന്നാൾ പിറ്റേന്ന് ഞാൻ സ്കൂളിലെത്തിയത് അവൾക്ക് പുതിയ ഒരു ജോഡി ഡ്രസ്സുമായാണ്. അവളുടെ കാര്യങ്ങൾ മനസ്സിലാക്കിയ അമ്മ അച്ഛനേക്കൊണ്ട് വാങ്ങിപ്പിച്ചതാണ്. അതുമിട്ടാണ് അവൾ പിറ്റേദിവസം വന്നത്. ഉച്ചക്ക് കഴിക്കാനിരുന്നപ്പോൾ അവൾ ചോറ്റുപാത്രത്തിൽ നിന്ന് ഒരു വാഴയിലപ്പൊതിയെടുത്തെനിക്ക് നീട്ടി. “അമ്മ തന്നയച്ചതാ” ”എന്താ അതിൽ ” ഞാൻ ചിരിയോടെ ചോദിച്ചു.. ”കാരി വറുത്തതാ” അവൾ പറഞ്ഞു. (കുളങ്ങളിൽ കാണുന്ന കറുത്ത നിറമുള്ള… കൊമ്പുള്ള ഒരു മത്സ്യമാണ് കാരി.. വളരെ സ്വാദിഷ്ഠമായ ഒരു മൽസ്യം ) അച്ഛൻ ഒറ്റാലു കൊണ്ട് ഊന്നിപ്പിടിച്ചതാ, ഇന്നലത്തെ മഴയ്ക്ക് വയലിൽ നിന്നും. . അന്ന് വീട്ടിൽ നിന്ന് കൊണ്ടുവന്ന കറികളൊന്നും ഞാൻ തൊട്ടു പോലുമില്ല. കാരി വറുത്തതും കൂട്ടി വയറ് പൊട്ടെ ചോറുണ്ടു പച്ചക്കുരുമുളക് അരച്ചു ചേർത്ത് വറുത്തെടുത്ത ആ മത്സ്യത്തിന്റെ രുചി ഇന്നും നാവിലുണ്ട്.. മനസ്സിലും…
പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു.. അടുത്തടുത്തിരുന്ന ആറു വർഷക്കാലം… ഇന്ന് രണ്ട് വഴിക്ക് പിരിയുന്നു.. ഞങ്ങൾ യാത്ര പറഞ്ഞു.. ഞാൻ കരഞ്ഞാൽ അവളും അവൾ കരഞ്ഞാൽ ഞാനും കരയുമെന്ന് രണ്ടു പേർക്കു മറിയാം. അതറിഞ്ഞ് സ്വയം നിയന്ത്രിച്ചു. ഇത്രയും അടുത്തിട്ടും പരസ്പരം രണ്ടു പേരുടേയും വീടുകൾ അറിയില്ല.. സാരമില്ല…. ഒരു പാട് ദൂരെയല്ലല്ലോ… കാണാം.. മനസ്സിനെ സമാധാനിപ്പിച്ചു.
റിസൾട്ട് നോക്കാൻ വന്നപ്പോൾത്തന്നെ അറിഞ്ഞു. ബിജിക്ക് ഫസ്റ്റ് ക്ലാസ്സ് കഴിഞ്ഞ് ഇരുപത് മാർക്ക് കൂടി കൂടുതലുണ്ട്.. “ജയിച്ചാൽ ഞാൻ രക്ഷപെട്ടെടീ … ഞങ്ങളുടെ ജാതി അനുസരിച്ച് പത്താം ക്ലാസ്സ് ജയിച്ചാൽ ഒരു സർക്കാർ ജോലി ഉറപ്പാ” ….അവൾ പറയുമായിരുന്നു ഇടയ്ക്കിടെ. അത് സാധിച്ചിരിക്കുന്നു..
പിന്നീട് അവളെ കാണാനോ വിവരമറിയാനോ ഒന്നും സാധിച്ചില്ല എന്നോർക്കുമ്പോൾ കുറ്റബോധം തോന്നിയിട്ടുണ്ട്. ഞാൻ പ്രീഡിഗ്രിക്കു ചേർന്നു. അവിടെയും തട്ടിമുട്ടിക്കടന്നപ്പോൾ ഡിഗ്രി വേണമെന്നായി മോഹം..
അപ്പനപ്പൂപ്പൻമാരായി കിട്ടിയ അമ്പത് പറ കണ്ടമുണ്ട്. മുടങ്ങാതെ എല്ലാവർഷവും നെൽകൃഷി ചെയ്യും. ഉണ്ണാനുള്ളത് എടുത്തിട്ട് ബാക്കി വിൽക്കുന്ന വകയിൽ നല്ല ഒരു തുകയും കിട്ടും. കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് കാലം ചതിച്ചു..ഒരാഴ്ചയായി തോരാത്ത പെരുമഴ. കണ്ടത്തിൽ വെള്ളം പൊങ്ങി. വിളഞ്ഞ് കൊയ്യാൻ പാകമായ നെല്ലിൽ വെള്ളം തൊടും മുൻപ് കൊയ്തെടുക്കണം. അല്ലങ്കിൽ ഒരു വർഷത്തെ അധ്വാനവും മുടക്കുമുതലും വെള്ളം കൊണ്ടു പോകും.
അത്യാവശ്യമാണന്നറിഞ്ഞപ്പോൾ ജോലിക്കാർ ഇരട്ടിക്കൂലി ആവശ്യപ്പെട്ടു. അങ്ങനെ നാട്ടുനടപ്പിലില്ലാത്ത കൂലി കൊടുത്തു.. കൊയ്ത്ത് കഴിഞ്ഞു. കറ്റ വീട്ടുമുറ്റത്തെത്തിയപ്പോൾ അച്ഛൻ ദീർഘശ്വാസം വിട്ടു.. ഈശ്വരൻ തുണച്ചു.. ഇനി പേടിക്കാനൊന്നുമില്ല. രണ്ടു ദിവസം കഴിഞ്ഞാലും മെതിച്ചെടുക്കാം. ഒരു ദിവസം കൂടി നിഷാദ നൃത്തംചവിട്ടിയ മഴ തളർന്നതുകൊണ്ടാകാം മടങ്ങിപ്പോയി.
ക്ലാസ്സില്ലാത്ത ഒരു ദിവസം രാവിലെ നോക്കുമ്പോൾ മുറ്റത്ത് നാലഞ്ച് പെണ്ണുങ്ങൾ നിൽക്കുന്നു. അച്ഛനവരോട് എന്തൊക്കയോ പറയുന്നു.” മെതിക്കാൻ വന്ന പെണ്ണുങ്ങളാ” എന്ന് അമ്മയാണ് പറഞ്ഞത്.
നേരത്തെ തന്നെ നടുമുറ്റത്ത് ബലമുള്ള രണ്ട് തൂണുകൾ നാട്ടി അതിൽ ഒരു മുള കുറുകെ വെച്ചു കെട്ടിയിരുന്നു അച്ഛൻ. ഈ മുളയിൽ പിടിച്ച് നിന്നു കൊണ്ട് തറയിൽ ടാർപ്പായയിലിട്ട കറ്റ കാൽ കൊണ്ട് ഒരു പ്രത്യേകരീതിയിൽ ചവിട്ടിമെതിച്ച് നെൽമണി വേർപെടുത്തണം.അതാണ് കറ്റ മെതിക്കൽ. വന്ന സ്ത്രീകൾ ജോലി ആരംഭിച്ചു. ഒരേ താളത്തിലുള്ള അവരുടെ ജോലി കണ്ടുനിൽക്കാൻ നല്ല രസം തോന്നി. അതിലൊരു സ്ത്രീക്ക് മറ്റ് പെണ്ണുങ്ങളേക്കാൾ വേഗതയുള്ളത് ഞാൻ ശ്രദ്ധിച്ചു. അവർ വേഗം വേഗം കറ്റകൾ ചവിട്ടിമെതിക്കുന്നു.. കാലുകൾക്ക് വളരെ വേഗത.. അവരുടെ പുറകിൽ നിന്നിരുന്ന ഞാൻ ആ മുഖം ഒന്നു കാണാനായി എതിർദിശയിലേക്ക് മാറി.. കാൽച്ചുവട്ടിലേക്ക് മാത്രം നോക്കി കറ്റ ചവിട്ടിയിരുന്ന അവൾ മുഖമൊന്നുയർത്തി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി…നെഞ്ചിൽ ഒരായിരം കടൽച്ചൂണ്ടകൾ കോർത്തതു പോലെ… ഹൃദയത്തിൽ ഉടക്കി നിൽക്കുന്ന ചൂണ്ടയിൽ നിന്ന് ഞാന്ന് കിടക്കുന്ന ചൂണ്ടച്ചരടിൽ ആരോ പിടിച്ചു വലിക്കുന്നതു പോലെയുള്ള വേദനയും വിങ്ങലും….. എന്നെ മാത്രം നോക്കി നിന്ന അവൾ പൊട്ടി വന്ന കരച്ചിൽ പുറത്തു വരാതിരിക്കാൻ വായ് പൊത്തിക്കൊണ്ട് തിരിഞ്ഞു നിന്നു.. തിരിഞ്ഞു നിൽക്കുന്ന അവളുടെ ഉടൽ വെട്ടിപ്പിടയുന്നത് കാണാം.. കരച്ചിലിന്റെ താളം..
ഈ കഥയിൽ സസ്പെൻസോ, ഈ കഥക്ക് ശോകസാന്ദ്രമായ ഒരു ക്ലൈമാക്സോ നല്കാൻ എനിക്കൊട്ടും ഉദ്ദേശമില്ല. അത് കൊണ്ട് നിങ്ങൾക്ക് മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി..എങ്കിലും ഞാൻ പൂർണ്ണമാക്കാം… തിരിഞ്ഞു നിന്ന് എങ്ങലടിച്ചു കരഞ്ഞത് ബിജിതയായിരുന്നു… എന്റെ ബിജിത…. ഇത് ഇവിടംകൊണ്ട് തീരുന്നില്ല……
ഏഴു വർഷങ്ങൾക്കു ശേഷം…..
എല്ലാ മാസവും കറണ്ട് ബിൽ വന്ന് രണ്ടു മൂന്നു ദിവസത്തിനുള്ളിൽത്തന്നെ അടയ്ക്കും.ആ പതിവ് ഇപ്രാവശ്യം തെറ്റി.. ഇന്ന് 23 ആയി.. 28 ആണ് ലാസ്റ്റ് ഡേറ്റ്. എന്തായാലും ഇന്ന് കൊണ്ടുപോയി അടക്കണം.. ഒരു 11 മണി കഴിയുമ്പോൾ പോകാം.. അന്നേരം വലിയ തിരക്കു കാണില്ല.
ഇലക്ട്രിസിറ്റി ഓഫീസിലെത്തുമ്പോൾ വളരെ തിരക്ക്… നീണ്ട ക്യൂ…. എന്നേപ്പോലെ തന്നെ എല്ലാവരും ചിന്തിച്ചിരിക്കുന്നു… ടോക്കണെടുത്തു.. ഭാഗ്യത്തിനിരിക്കാനൊരു കസേര കിട്ടി. മകരത്തിലെ സൂര്യന് ഭയങ്കര ചൂട്…. ബാഗിൽ നിന്നൊരു മാഗസിനെടുത്ത് വീശി വീശി ഞാനിരുന്നു.
അഞ്ചു മിനിട്ടിനു ശേഷം ഒരു ലൈൻമാൻ എന്റെ അരികിലെത്തി. ” മേഡം….. സന്ധ്യയല്ലേ ” അയാൾ ചോദിച്ചു. ” അതേ “ആശ്ചര്യത്തോടെ ഞാൻ മറുപടി പറഞ്ഞു. ” ആ ബില്ലും പൈസയും ഇങ്ങു തരു ” അയാൾ വീണ്ടൂം പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. എങ്കിലും ഞാൻ പൈസയും ബില്ലും അയാളുടെ കയ്യിൽ കൊടുത്തു. അതുമായ് അകത്തേക്ക് പോയ അയാൾ വേഗം തിരിച്ചു വന്നു. ബാക്കി പൈസയും ക്യാഷടച്ച രസീതും തന്നു.
അതിനു ശേഷം പോക്കറ്റിൽ നിന്നൊരു തുണ്ടു പേപ്പർ എനിക്ക് നേരേ നീട്ടി… അതിലെന്തോ എഴുതിയിരിക്കുന്നു…..
” ക്യൂവില്‍ കണ്ടല്ലോ… എനിക്കിവിടെ ജോലി കിട്ടി.ഇപ്പോൾ ബില്ലിംങ്ങ് സെക്ഷനിലാണ്.. രാവിലെ മുതൽ വെള്ളം കുടിക്കാൻ പോലും സമയം കിട്ടിയിട്ടില്ല.. അകത്തിരുന്ന് ഞാൻ കണ്ടു നിന്നെ… ഈ നമ്പറിൽ വൈകിട്ടെന്നെ വിളിക്കണം…. എല്ലാം പറയാം എല്ലാം……. ”,നിന്റെ ബിജി.
പാർക്ക് ചെയ്തിരുന്ന വണ്ടിക്കരികിലെത്തി ഒരുൻമാദിനിയേപ്പോലെ വണ്ടി മുന്നോട്ടെടുത്തപ്പോൾ അനുഭവങ്ങളുടെ തഴമ്പ് മുളച്ചുറച്ച മനസ്സ് വീണ്ടുമൊരിക്കൽക്കൂടി എന്നെ പറഞ്ഞു പഠിപ്പിച്ചു. “എവിടൊക്കെ തട്ടിയാലും എവിടെയൊക്കെ തടഞ്ഞാലും നിഷ്കളങ്ക മനസ്സുള്ളവരുടെ ജീവിതം എത്തേണ്ടിടത്തെത്തും, പതിയെ പതിയെ…….. പറന്ന് പറന്ന്……. ഒരപ്പൂപ്പൻ താടി പോലെ…….
എഴുത്തുകാരിയും, ട്രാവലറും ,സാമൂഹ്യ പ്രവർത്തകയുമായസന്ധ്യാ ജലേഷ് എറണാകുളം സ്വദേശിയും , നഴ്സിംഗ് ബിരുദധാരിയും, ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്സുമാണ്.
ഫെയ്സ്ബുക്കില് സജീവമായി ലേഖനങ്ങളും ചെറുകഥകളും എഴുതി വരുന്നു.
ആദ്യമായി പുറത്തിറങ്ങിയ ” നീയെന്റെ സുകൃതം ” എന്ന നോവല്‍ വളരെ ശ്രദ്ധിക്കപ്പെടുകയും മാധ്യമങ്ങളിലും TV ചാനലിലും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു …. യഥാര്‍ത്ഥ ജീവിതത്തിന്റെ ചൂടും ചൂരും ഒട്ടും വാര്ന്നുപോകാതെ പച്ചയായ ജീവിതത്തിന്റെ നോവിലും വേവിലും ചാലിച്ച് വായനക്കാരില് ഗൃഹാതുരത്വത്തിന്റെ സ്മൃതികളുണര്ത്തുകയും, ഭാവനയില് സൃഷ്ടിച്ച വെറുമൊരു കഥ എന്ന് തോന്നിപ്പിക്കാതെ ഇന്നത്തെ ജീവിതത്തില്‍ നടന്ന ഒരു സംഭവം എന്ന് വിശ്വസിപ്പിക്കുന്ന വിധത്തിലുള്ള , എഴുത്തുകാരിയുടെ രചനാ ശൈലിയില്‍ പിറന്ന ” നീ എന്റെ സുകൃതം ” എന്ന കന്നി നോവലിന് ‘ ഭാഷാ ശ്രീ ‘ അവാര്‍ഡ് ഉൾപ്പെടെ പത്തോളം പുരസ്കാരങ്ങള് ലഭിക്കുകയുണ്ടായി….
2017 ജനുവരിയില് പബ്ലിഷ് ചെയ്ത” മഴ മേഘങ്ങളെ കാത്ത് ” എന്ന രണ്ടാമത്തെ നോവൽ 2017 ലെ മാധവിക്കുട്ടി അവാർഡിനർഹമായി. ഇപ്പോൾ ഈ നോവലിന് 2018 ലെ ഭാഷാശ്രീ അവാർഡും ലഭിച്ചിരിക്കുന്നു.
മഴ നനഞ്ഞ മന്ദാരങ്ങൾ , ബംഗാൾ നേപ്പാൾ പശ്ചാത്തലത്തിലൊരുക്കിയ ചൗപദി എന്ന നോവലുകൾക്കു ശേഷംഇപ്പോൾ ജീവിതഗന്ധിയായ പുതിയൊരു നോവലിന്റെ പണിപ്പുരയിലാണ്.