
എത്തിപ്പിടിക്കാനൊരു
ശിഖരം വേണം.
അവയിൽ
മഞ്ഞിക്കാൻ മറക്കുന്ന
ഇലകളും…
ആശകൾ –
ആകാശമാകകൊണ്ട്
ഇത്തിരിപ്പൂങ്കുലകളും.
ആകാശത്തിനതി-രില്ലാത്തത്
ഇരുവരുടേയും തെറ്റല്ല.
മധുവും മണവും
നിറവുമില്ലെങ്കിൽ
പൂവെന്തിന് !
പൂവങ്ങനെ കാറ്റിനോട്
കൊഞ്ചണം പിന്നെ;
വിത്തിനായങ്ങു
പൊഴികയും വേണം.
നെഞ്ചിലുറങ്ങുകയല്ല,
ഉണർന്ന് പടരുകയാണ്
വൃക്ഷഹൃദയങ്ങൾ.
അപ്പോഴും കാലുകൾമാത്രം
ഇറക്കമിറങ്ങുന്നുണ്ട്,
സത്യത്തിൻ്റെ വേരുകളായി
മണ്ണാഴങ്ങൾ തേടി….
