വേണം 26,600 ലിറ്റർ സാനിറ്റൈസർ, 85,300 മാസ്‌ക്, 1.12 ലക്ഷം ഗ്ലൗസ്
** ഓരോ ബൂത്തിലും കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന ബോക്‌സ്
** വോട്ട് ചെയ്യാൻ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണം
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ കോവിഡ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയിൽ വേണ്ടത് 26,600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ, 85,300 എൻ95 മാസ്‌ക്, 1,12,600 ഗ്ലൗസ്, 20,800 ഫേസ് ഷീൽഡ്, 250 പുനരുപയോഗിക്കാവുന്ന ഫേസ് ഷീൽഡ് എന്നിവ. പോളിങ് ഉദ്യോഗസ്ഥർക്കും വോട്ടെണ്ണൽ അടക്കം തെരഞ്ഞെടുപ്പിന്റെ മറ്റു നടപടിക്രമങ്ങൾക്കു നിയോഗിക്കപ്പെടുന്ന ജീവനക്കാർക്കും കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനായാണ് ഇവ. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ, ഫെയ്‌സ് ഷീൽഡ് തുടങ്ങിയവയടങ്ങുന്ന പ്രത്യേക ബോക്‌സുകൾ ഇത്തവണ ഓരോ പോളിങ് സ്‌റ്റേഷനിലും ജോലിക്കു നിയോഗിക്കപ്പെടുന്ന ടീമിനു നൽകും. ബ്ലോക്ക് അടിസ്ഥാനത്തിൽ അതത് റിട്ടേണിങ് ഓഫിസർമാർക്ക് ഈ ബോക്‌സുകൾ വിതരണം ചെയ്യുന്ന നടപടി തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കി നൽകുന്ന ബോക്‌സുകൾ കളക്ടറേറ്റിൽനിന്നാണു വിതരണം ചെയ്യുന്നത്.
നാല് ഉദ്യോഗസ്ഥരെയാണു വോട്ടെടുപ്പ് ജോലികൾക്കായി ഒരു പോളിങ് ബൂത്തിൽ വിന്യസിക്കുക. പുറമേ ഒരു അറ്റൻഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ടാകും. കോവിഡ് പ്രതിരോധത്തിനായി ഈ ടീമിനു നൽകുന്ന ഒരു ബോക്‌സിൽ 18 എൻ95 മാസ്‌ക്, 12 ജോഡി ഗ്ലൗസ്, അഞ്ചു ലിറ്ററിന്റെ ഒന്നും അര ലിറ്ററിന്റെ നാലും കുപ്പിയടങ്ങുന്ന ഏഴു ലിറ്റർ സാനിറ്റൈസർ, ആറ് ഡിസ്‌പോസിബിൾ ഫേസ് ഷീൽഡ് എന്നിവയാണുള്ളത്. ജില്ലയിൽ ആകെ 3,281 പോളിങ് ബൂത്തുകളാണു വോട്ടെടുപ്പിനു സജ്ജമാക്കുന്നത്.
വോട്ടർമാർ പോളിങ് ബൂത്തിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ നൽകും. പോളിങ് ഉദ്യോഗസ്ഥർ ഫേസ് ഷീൽഡ്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിച്ചിരിക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്. പോളിങ് ഏജന്റുമാർക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. ഇതിനു പുറമേ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളും വോട്ടെടുപ്പിനു തലേന്ന് പൂർണമായി അണുവിമുക്തമാക്കും. പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവ കരുതണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
നാമനിർദേശ പത്രികാ സ്വീകരണം, സൂക്ഷ്മ പരിശോധന തുടങ്ങിയ നടപടികൾക്കായി റിട്ടേണിങ് ഓഫിസമാർക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, പാക്കിങ് സ്റ്റാഫ്, വിതരണ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ, സെക്ടറൽ ഓഫിസർമാർ, ഇവരുടെ കീഴിലുള്ള ജീവനക്കാർ, ഡ്രൈവർമാർ, തെരഞ്ഞെടുപ്പ് നിരീക്ഷകർ, റൂട്ട് ഓഫിസർമാർ തുടങ്ങിയവർക്കും പ്രത്യേകം കോവിഡ് പ്രതിരോധ സംവിധാനങ്ങൾ നൽകും. ഇവർക്ക് മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ, ഫേസ് ഷീൽഡ് എന്നിവ നൽകുന്നതിനു പ്രത്യേക എണ്ണവും തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചു നൽകിയിട്ടുണ്ട്.