*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

 പുലിപ്പാലിനായി മണികണ്ഠൻ വനത്തിലേയ്ക്ക് പോയപ്പോൾ കുമാരന്റെ കഥ അതോടെ കഴിയുമെന്ന മിഥ്യാ ധാരണയിൽ തനിക്കു ലഭിക്കാൻ പോകുന്ന രാജ്യഭരണം ദിവാസ്വപ്നം കണ്ടുകൊണ്ട് മന്ത്രി കാത്തിരുന്നു. 
എന്നാൽ കൊടുങ്കാട്ടിലേയ്ക്ക് ഏകാന്ത യാത്ര നടത്തിയ വാത്സല്യ നിധിയായ മണികണ്ഠനെയോർത്ത് ആകുലചിത്തനായ പിതാവ്  ഘോരവനത്തിൽ പുത്രന് തുണയാകണേയെന്ന് ഇഷ്ട ദേവനായ മഹാദേവനോട് മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. 
വനത്തിലെത്തിയ മണികണ്ഠൻ വിധവയായ ഒരമ്മൂമ്മയുടെ ഗൃഹത്തിൽ കുറച്ചു വിശ്രമത്തിനായെത്തിച്ചേർന്നു. അക്രമിയായ ഒരു എരുമയുടെ വാസസ്ഥലമായിരുന്നു ആ പ്രദേശം.  പേടിച്ചു കഴിയുന്ന വൃദ്ധ മണികണ്ഠനോട് സൂക്ഷിക്കണമെന്ന് പറഞ്ഞു.  വിശ്രമത്തിനായി ഗൃഹത്തിനു പുറത്ത് കിടക്കുകയായിരുന്ന മണികണ്ഠനെ പെട്ടെന്നുതന്നെ എരുമ അക്രമിക്കാനെത്തി. പക്ഷേ;,  നിമിഷനേരം കൊണ്ടുതന്നെ കുമാരൻ എരുമയെ അമ്പെയ്തു വീഴ്ത്തി നിഗ്രഹിച്ചു. ഈ സ്ഥലമാണ് എരുമേലി എന്ന പേരിൽ പ്രസിദ്ധമായത്. പ്രഭാതമായപ്പോഴേയ്ക്കും എരുമയുടെ ശവശരീരം ഒരു ദണ്ഡിൽ കെട്ടിയ രൂപത്തിൽ മണികണ്ഠൻ കൊണ്ടു വന്നതു കണ്ട വൃദ്ധ മണികണ്ഠന്റെ ദിവ്യശക്തി തിരിച്ചറിയുകയും തന്നെ വിട്ടുപോകരുതെന്നപേക്ഷിയ്ക്കുകയും ചെയ്തു. വൃദ്ധയ്ക്കുവേണ്ടി തന്റെ ശാസ്താസ്വരൂപം അവിടെ പ്രതിഷ്ഠിച്ച് വൃദ്ധയെ  അനുഗ്രഹിച്ച ശേഷം  മണികണ്ഠനെഭൂതഗണങ്ങൾ എതിരേറ്റു വന്ദിയ്ക്കുകയും അവരൊന്നിച്ച്യാത്ര തുടരുകയും ചെയ്തു. 
പമ്പാതീരത്തെത്തിയ മണികണ്ഠനെ മാമുനിമാർ ഭക്തിപൂർവ്വം പൂജിച്ചശേഷം; മണികണ്ഠൻ യോഗീശ്വരന്മാരോടൊപ്പം ഫലമൂലാദികൾ കഴിച്ച് വിശ്രമിക്കുകയുണ്ടായി ഈ സംഭവമാണ് പ്രസിദ്ധമായ പമ്പാസദ്യയായി ആചരിക്കുന്നത്.
അതിനുശേഷം മാമുനിമാർ മണികണ്ഠനെ ഒരു പർവ്വതശൃംഗത്തിലേയ്ക്കാനയിക്കുകയും തപശ്ശക്തിയാൽ ഒരു പൊന്നമ്പലം സൃഷ്ടിക്കുകയും;  മണികണ്ഠ സ്വാമിയെ സിംഹാസനത്തിലിരുത്തി പൂജാദികർമ്മങ്ങൾ യഥാവിധി നടപ്പിലാക്കി മണികണ്ഠനെ സംപ്രീതനാക്കുകയും ചെയ്തു.  ഇതാണ് ചരിത്ര പ്രസിദ്ധമായ പൊന്നമ്പലമേട് എന്നറിയപ്പെടുന്നത്.
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും…..

*സുജ കോക്കാട്*