കൊച്ചി : കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
കേരള രാഷ്ട്രീയത്തിൽ ഏറ്റവും വിധിനിർണായകമായ തെരഞ്ഞെടുപ്പ് നടക്കുന്നത് കോട്ടയം ജില്ലയിലാണ്. കേരളാ കോൺഗ്രസ് പിളർപ്പിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്, പാല നഗരസഭയിലും കോട്ടയം ജില്ലാ പഞ്ചായത്തിലും വാശിയേറിയ മത്സരമാണ് അരങ്ങേറുന്നത്. ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് ഇടതുപക്ഷത്ത് എത്തിയതോടെ ജില്ലയിൽ വൻസ്വാധീനമുറപ്പിക്കാൻ കഴിയുമെന്നാണ് ഇടത് നേതാക്കളുടെ പ്രതീക്ഷ. പാല നഗരസഭയിൽ വിജയിക്കുകയെന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയഭാവിക്ക് അനിവാര്യമാണ്. പാല ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചതോടെ ജോസ് കെ മാണിയുടെ നിലപരുങ്ങലിലായിരുന്നു. രണ്ടില ചിഹ്നം തിരിച്ചുകിട്ടിയതും, ഇടതുമുന്നണി സീറ്റുവിഭജനത്തിൽ നല്കിയ പരിഗണനയും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് കരുത്തു പകർന്നിട്ടുണ്ട്. പാല നഗരസഭയിൽ ഏഴ് കൗൺസിലർമാർ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. പലരും രഹസ്യമായി ജോസഫിനെ അനുകൂലിക്കാനും തയ്യാറായി. ഇത് ജോസഫ് പക്ഷത്തിന് അനുകൂലമായിതീരും എന്നാണ് കരുതുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ സ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കേരളാ കോൺഗ്രസിൽ പിളർപ്പുണ്ടായത്.ഇടതുമുന്നണിയിൽ ഇടം കണ്ടെത്തിയ ജോസ് കെ മാണിയെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുകയെന്നതാണ് ജോസഫ് വിഭാഗത്തിന്റെ ലക്ഷ്യം. യു ഡി എഫിൽ നിന്നും ജോസ് കെ മാണിയെ പുറത്താക്കുമ്പോൾ കോട്ടയത്തെ വിജയത്തെ ബാധിക്കാതെ നോക്കാനുള്ള ചുമതല ജോസഫിനുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു.
രണ്ടില ചിഹ്നതർക്കത്തിൽ ജോസിന് അനുകൂലമായ വിധിയുണ്ടായതൊന്നും തിരിച്ചടിയുണ്ടാവില്ല എന്നാണ് ജോസഫിന്റെ വിശ്വാസം. എന്തായാലും കോട്ടയം ജില്ലാ പഞ്ചായത്ത് നിലനിർത്താൻ സാധിക്കാതെ വന്നാൽ അത് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് വലിയ തിരിച്ചടിയാവും. തിരിച്ചായാൽ ജോസിനും തിരിച്ചടിയാണ്.
കോട്ടയത്തെ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്. കേരള രാഷ്ട്രീയത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് കോട്ടയത്തേത്.
എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷനിലാണ് ശ്രദ്ധേയമായ മൽസരം അരങ്ങേറുന്നത്. യു ഡി എഫ് ഭരണം നിലനിൽക്കുന്ന ഏക കോർപ്പറേഷനാണ് കൊച്ചി. കൊച്ചി തിരികെ പിടിക്കാനുള്ള നീക്കങ്ങളുമായി എൽ ഡി എഫ് ശക്തമായി രംഗത്തുണ്ട്. എന്നാൽ പരമ്പരാഗതമായി കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിൽ വിള്ളൽ വീഴ്ത്താൻ എൽ ഡി എഫിന് കഴിയില്ല എന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. മേയർ സൗമിനി ജയിന്റെ നേതൃത്വത്തെ കോൺഗ്രസ് പോലും തള്ളിപ്പറഞ്ഞതും, അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇടത് മുന്നണി പ്രധാന ആയുധം. പാലാരിവട്ടം പാലം അഴിമതി, വെള്ളക്കെട്ട് എന്നിവയും യു ഡി എഫിനെതിരെ ഉന്നയിക്കപ്പെട്ടു. വി 4 എന്നൊരു സംഘടന 59 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ബി ജെ പി മൽസര രംഗത്തുണ്ടെങ്കിലും ശക്തമായ മുന്നേറ്റം നടത്താൻ ബി ജെ പിക്ക് സാധിച്ചിരുന്നില്ല.
ആലുവ, കളമശ്ശേരി, തൃക്കാക്കര, മരട് നഗരസഭകളിൽ യു ഡി എഫ് പ്രതീക്ഷ വച്ചു പുലർത്തുന്നുണ്ട്. തൃപ്പൂണിത്തുറയിൽ ബി ജെ പി നിർണായക ശക്തിയാണ്. കഴിഞ്ഞ തവണ ഇടത് ഭരണം നിലനിന്നിരുന്ന മുനിസിപ്പാലിറ്റിയാണ് തൃപ്പൂണിത്തുറ.
മരട് നഗരസഭയിലും കടുത്ത മത്സരമാണ് അരങ്ങേറുന്നത്. പറവൂർ, പിറവം, പെരുമ്പാവൂർ നഗരസഭകളിൽ ഇരുമുന്നണികളും ശക്തമാണ്. അങ്കമാലി, കോതമംഗലം നഗരസഭകളിൽ കേരളാ കോൺഗ്രസ് പിളർപ്പ് നിർണായകമാവും. യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് അങ്കമാലിയും കോതമംഗലവും.
സി പി എം നേതാവായിരുന്ന സർക്കീർ ഹുസൈന്റെ അഴിമതി കഥകൾ കളമശ്ശേരിയിൽ ഇടത് മുന്നണിക്ക് വലിയ തിരിച്ചടിയാവും. മുൻ മന്ത്രി ഇബ്രാഹിം കുട്ടിയുടെ മണ്ഡലം കൂടിയാണ് കളമശ്ശേരി. പാലാരിവട്ടം പാലം അഴിമതി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും കളമശ്ശേരിയിലാണ്.
എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണം യു ഡി എഫിനാണ്. ജില്ലാ പഞ്ചായത്ത് ഭരണത്തിന് തുടർച്ചയുണ്ടാവുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. ഇടതു മുന്നണി ജില്ലാ പഞ്ചായത്തിൽ പ്രതീക്ഷകളില്ല. സാഹചര്യങ്ങൾ ഇതൊക്കെയാണെങ്കിലും വിമതശല്യം ഇരു മുന്നണികളുടെയും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നുണ്ട്.
സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാന ജില്ല. തൃശ്ശൂർ കോർപ്പറേഷനിൽ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി ജെ പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോർപ്പറേഷൻ കഴിഞ്ഞ തവണ യു ഡി എഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുത്തതായിരുന്നു.
ജില്ലാ പഞ്ചായത്തിലും ബി ജെ പി നിർണായക ശക്തിയാണ്. ചാലക്കുടി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കുന്നംകുളം തുടങ്ങിയ നഗരസഭകളിലും ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്.
പാലക്കാട് നഗരസഭയാണ് ബി ജെ പി ഭരണത്തിലുള്ള ഏക നഗരം. അത് നിലനിർത്തുന്നതിനുള്ള നീക്കങ്ങളാണ് ബി ജെ പി നടത്തുന്നത്. പാലക്കാട് ജില്ലാ പഞ്ചായത്തിൽ ത്രികോണ മൽസരമാണ് അരങ്ങേറുന്നത്.ഒറ്റപ്പാലം, ഷൊർണ്ണൂർ നഗരസഭകളിൽ ഇടതുപക്ഷത്തിന് മേൽക്കോയ്മയുള്ള സ്ഥലമാണ്.
വയനാട് ജില്ലയിൽ യു ഡി എഫ് ആധിപത്യമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ ലോക്താന്ത്രിക് ജനതാദൾ ഇടതുമുന്നണിയിൽ തിരിച്ചെത്തിയതും കേരളാ കോൺഗ്രസ് മാണിയുടെ ഇടത് പ്രവേശനവും എൽ ഡി എഫിന് നേരിയ പ്രതീക്ഷയ്ക്ക് വകനൽകിയിരിക്കയാണ്. എന്നാൽ ജില്ലയിൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലാണ് യു ഡി എഫ്.
spl thanks ,,,rajesh @ kt