*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
ഭഗവാന്റെ പ്രതിഷ്ഠാ ദിനം വന്നെത്തി. ആ ധന്യ മുഹൂർത്തത്തിനു സാക്ഷിയായി വിധിപ്രകാരം പ്രതിഷ്ഠിക്കുന്നതിനുവേണ്ടി, പരശുരാമനും അഗസ്ത്യമഹർഷിയും സന്നിഹിതരായിരുന്നു. ഗഗനവീഥിയിൽ നിന്നുംദേവന്മാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ഗന്ധർവ്വന്മാർ മംഗളഗാനങ്ങളാലപിച്ചപ്പോൾ അപ്സരസ്സുകൾഗാനത്തിനൊത്ത് നൃത്തമാടി.
നയനസുന്ദര ഭക്തിസാന്ദ്രതയിൽ ത്രിമൂർത്തികൾ ആഹ്ളാദ ചിത്തരായി.
ബ്രാഹ്മണ ശ്രേഷ്ഠന്മാർ വേദങ്ങളാലപിച്ചു കൊണ്ട് ശ്രീ ധർമ്മ ശാസ്താവിനെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഇതേസമയം രാജശേഖരരാജൻ ഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് ദാനധർമ്മങ്ങൾ നിർവ്വഹിച്ചു കൊണ്ടിരുന്നു. ശ്രീ അയ്യപ്പവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് വളരെ മംഗള കരമായി തന്നെ നടന്നു.
വാപരനേയും മാളികപ്പുറത്തമ്മയേയും അയ്യപ്പൻ നിർദ്ദേശിച്ച പ്രകാരം തന്നെ ആചാര്യൻ യഥാവിധി പ്രതിഷ്ഠിച്ചു.
ശബരിമലയിൽ ഏഴുദിവസത്തെ ഉത്സവം നടത്തുകയും; യഥാസമയം ചതുർവേദങ്ങൾ ചൊല്ലുകയും വേണമെന്ന് മഹാരാജാവിനോടു പറഞ്ഞു കൊണ്ട് അനുഗ്രഹം നൽകിയശേഷം പരശുരാമനും, അഗസ്ത്യമുനിയും അവിടെ നിന്നും അന്തർധാനം ചെയ്തു.
*സ്വാമിയേ ശരണമയ്യപ്പാ…*