തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. നേതൃമാറ്റമെന്ന ആവശ്യവുമായി തലമുതിർന്നനേതാക്കളടക്കം രംഗത്തെത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തല പരാജയമാണെന്നും, അദ്ദേഹം രാജിവച്ച് ഉമ്മൻചാണ്ടി പ്രതിപക്ഷ സ്ഥാനത്തേക്ക് വരണമെന്ന് മുൻമന്ത്രിയും മുതിർന്നനേതാവുമായ ടിഎച്ച് മുസ്തഫ ആവശ്യപ്പെട്ടു.കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും കെപിസിസി നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുത്തത് ആത്മാർത്ഥമാണെങ്കിൽ, സ്ഥാനമൊഴിയാൻ അദ്ദേഹം തയ്യാറാകണമെന്നായിരുന്നു ഉണ്ണിത്താന്റെ ആവശ്യം.
കൂട്ടുപ്രതികളെ സഹായിക്കാനാണ് മുല്ലപ്പള്ളി സ്വയം കുറ്റം ഏറ്റെടുത്തതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.തോൽവിയുടെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന പരസ്യപ്രസ്താവന മുസ്ളിം ലീഗിന്റെ ഭാഗത്തു നിന്നും വന്നുകഴിഞ്ഞത് മുന്നണിയിൽ കടുത്ത പ്രതിസന്ധിയ്ക്കാണ് വഴിവച്ചിരിക്കുന്നത്. മുസ്ലിം ലീഗിന് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ വലിയ മുന്നേറ്റം കാഴ്ചവയ്ക്കാനായെങ്കിലും കോൺഗ്രസിന് അവരുടെ ശക്തികേന്ദ്രങ്ങളിൽ കാര്യമായ വോട്ടുചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇത് തടഞ്ഞുനിർത്താനുള്ള സംഘനാസംവിധാനം കോൺഗ്രസിനില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തിരച്ചടിയായെന്നാണ് ലീഗിന്റെ വിലയിരുത്തൽ.ഇതിനിടെ കടുത്ത നിലപാടുമായി ആർഎസ്പിയും രംഗത്തെത്തി. മുന്നണിയിൽ ഈ രീതിയിൽ തുടരേണ്ടതില്ല എന്നതാണ് ആർഎസ്പിയിലെ പൊതുവികാരം. ജനപ്രിയരായ നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിലേക്ക് വരണമെന്നാണ് ആർഎസ്പിയുടെ ആവശ്യം.
thanks to kt