ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് കോടികൾ കവർന്ന സംഘത്തിലെ പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും എറണാകുളം റൂറൽ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46) ആണ് പിടിയിലായത്. കേരളത്തിൽ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മാസത്തിനിടയിൽ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്.
ഓൺ ലൈനുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളിൽ പണമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതിൽ നിന്നും യൂസർ ഐഡിയും, പാസ് വേഡും സ്വന്തമാക്കും. തുടർന്ന് ഫോണിലേക്ക് വരുന്ന ഒ.ടി.പി. നമ്പർ ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനു വേണ്ടി സംഘത്തിലെ ഒരാൾ കേരളത്തിൽ വന്ന് വ്യാജ ആധാർ കാർഡും, വോട്ടേഴ്സ് ഐഡിയും നിർമ്മിച്ച് വിവിധ മൊബൈൽ കമ്പനികളിൽ നിന്നും അക്കൗണ്ട്കാരുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും. അതിനു ശേഷം ഈ സിമ്മിലേക്ക് ഒ.ടി.പി വരുത്തി അക്കൗണ്ടിലുള്ള തുക മുഴുവൻ കവരുകയാണ് ചെയ്യുന്നത്. യഥാർത്ഥ സിം ഉള്ളയാൾ സിം ബ്ലോക്കായി കിടക്കുന്നതിനാൽ ബാങ്കിൽ നിന്നും വരുന്ന മെസേജ് അറിയുകയുമില്ല.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് IPS നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തിയ സംഘം ബാംഗ്ലുരിൽ വലിയൊരു ഓപ്പറേഷന് തയ്യാറെടുക്കുകയായിരുന്നു. കേരളത്തിൽ കൂടുതൽ പേരുടെ പണം ഇത്തരത്തിൽ തട്ടിപ്പു സംഘം കരസ്ഥമാക്കിയെന്നാണ് സൂചന.