ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
25 ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ആരംഭിച്ചു
തിരുവനന്തപുരം: 2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും രോഗാവസ്ഥയും രോഗാതുരതയും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപത്രികളിലും പ്രാദേശിക ഉദ്ഘാടനം ഇതോടൊപ്പം നടന്നു. ലോഗോ, ബോധവത്ക്കരണ ഗ്രാഫിക്സ് അനിമേഷന്‍ വീഡിയോ എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
വൈറല്‍ ഹെപ്പറ്റൈറ്റിസ് ഏറെ അപകടകരമാണെന്നും അതിനാല്‍ തന്നെ എല്ലാവരും ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ്-19 കാലത്തും സംസ്ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി ആവിഷ്ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 25 ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാക്കിയിട്ടുണ്ട്. ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാന്‍ എല്ലാ സി.എച്ച്.സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറല്‍ ലോഡ് ടെസ്റ്റ് തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയയ്ക്കാവുന്നതാണ്. എല്ലാവരും ഈ ചികിത്സാ സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
2030 ഓടു കൂടി വൈറല്‍ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുകയും, രോഗ പകര്‍ച്ച തടയുകയും ചെയ്യുക, രോഗ ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് ഹെപ്പറ്റെറ്റിസ് ബി പകര്‍ച്ച തടഞ്ഞു കൊണ്ട് ഹെപ്പറ്റെറ്റിസ് രഹിത ഭാവി ഉറപ്പു വരുത്തുക, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുള്ള രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കുക, രോഗാതുരതയും, മരണനിരക്കും കുറച്ചു കൊണ്ടുവരുക എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയുടെ പ്രതിരോധം, കണ്ടെത്തല്‍, ചികിത്സ, ചികിത്സയുടെ ഫലപ്രാപ്തി അവലോകനം ചെയ്യുക തുടങ്ങിയ സമസ്ത മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള സമഗ്രമായ പരിപാടിയാണിത്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി സ്വാഗതമാശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. കേന്ദ്ര ജോ. സെക്രട്ടറിയുടെ പ്രതിനിധി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ.ആര്. അജയകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.പി. പ്രീത, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. ഷീല ശ്രീദേവിഅമ്മ നന്ദി പ്രകാശിപ്പിച്ചു.