കോവിഡ് രോഗിയുമായി പോയ ആംബുലന്‍സിന് കടന്നു പോകാന്‍ ബുദ്ധിമുട്ടായി നിന്ന മതില് പൊളിച്ചുമാറ്റി വീട്ടുടമ. എരമല്ലൂര്‍ സ്വദേശിയും ബസ് ഡ്രൈവറുമായ രാജേഷ് എന്ന വ്യക്തിയാണ് സ്വന്തം പുരയിടത്തിലെ മതില് പൊളിച്ചുമാറ്റി വഴിയൊരുക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യം വാഹനത്തിന്റെ ഡ്രൈവര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവം. കോട്ടയം പാക്കില്‍ ജീസസ് ഫോര്‍ ജെന്റയില്സ് ചര്‍ച്ചിന്റെ കോവിഡ് സൗജന്യ സേവനം നടത്തുന്ന ആംബുലന്‍സാണ് ഇടവഴിയില്‍ കുടുങ്ങിപ്പോയത്. എരമല്ലൂര്‍ സ്വദേശികളായ ആറു രോഗികളെ വീടുകളില്‍ നിന്നും സി.എഫ്.എല്‍.ടി.സിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന രോഗികള്‍ ഉണ്ടായിരുന്നതിനാല്‍ ഇടറോഡില്‍കൂടി വീടുകളുടെ അടുത്തേക്ക് വാഹനം ചെന്നെത്തുകയായിരുന്നു. തിരികെ വരുന്നവഴി വളവു തിരിഞ്ഞപ്പോള്‍ ആംബുലന്‍സ് മതിലുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയി. മുന്നോട്ടും പിന്നോട്ടും എടുക്കാനാവാത്ത സ്ഥിതി. വാഹനം അനക്കിയാല്‍ വലിയ കേടുപാടു വരും. നാട്ടുകാര്‍ കൂടിയെങ്കിലും എങ്ങനെ വാഹനം സുരക്ഷിതമായി മാറ്റാമെന്ന് യാതൊരു വഴിയും കണ്ടില്ല. ഈ സമയം വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന ഒരു രോഗിക്ക് കടുത്ത ശ്വാസം മുട്ടല്‍ തുടങ്ങി. ഈ സമയമാണ് രാജേഷ് തന്റെ മതില് പൊളിച്ചുമാറ്റി വാഹനം കടത്തിവിടാന്‍ മുന്നോട്ട് വന്നത്. വീട്ടില്‍ നിന്നും കോടാലിയും മറ്റും എടുത്തുകൊണ്ട് വന്ന് വാഹനം കുടുങ്ങിയ വശത്തെ മതില് പൊളിക്കാന്‍ തുടങ്ങി. നിമിഷനേരം കൊണ്ട് മതില് പൊളിച്ച് വാഹനം കടത്തി വിട്ടു. ഈ സമയം വാഹനത്തിന്റെ ഡ്രൈവറും ഡിവൈഎഫ്ഐ അംഗവുമായ റിയാസ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഒരു തുണ്ട് ഭൂമിപോലും വഴിക്കും മറ്റും വിട്ടുകൊടുക്കാത്ത കാലത്ത് തന്റെ മതില് പൊളിച്ച് വഴിയൊരുക്കിയ രാജേഷിന്റെ മനസ്സിലെ നന്മ പുറം ലോകത്തെ അറിയിക്കാനാണ് വീഡിയോ പകര്‍ത്തിയതെന്ന് റിയാസ് പറഞ്ഞു.