മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 7.40നയിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം നാളെ രാവിലെ 9ന് നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിൽ നടക്കും . ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടെയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15ലായിരുന്നു ജനനം.
നിലമ്പൂർ ഗവ.മാനവേദൻ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്റായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു.
1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് തോറ്റു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധകേസിൽ പ്രതിയായി ജയിൽവാസം. ഹൈക്കോടതി കുറ്റവിമുക്താനാക്കി. 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയിൽ. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം – തൊഴിൽ മന്ത്രിയായി.തുടർന്ന് ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ, മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു.
1982ൽ ടി.കെ.ഹംസയോട് തോൽക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ൽ ആന്റണി മന്ത്രിസഭയിൽ തൊഴിൽ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു. 1980ൽ തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി.
2005ൽ വൈദ്യുതി മന്ത്രിയായിരിക്കെ ആർജിജിവൈ പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തിച്ചു. 2011ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കി. ഉൾവനത്തിൽ ആദിവാസികൾ കോളനികളിലും വൈദ്യുതി എത്തിക്കാനും അദ്ദേഹം മുൻകൈ എടുത്തു.
ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ.