എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിന് ജീവനക്കാര്‍ക്ക് നിര്‍ദേങ്ങള്‍ നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം ഇപിഎഫ്ഒ നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിച്ചവര്‍ക്കും ജോലിയില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷനായി ഓപ്ഷന്‍ നല്‍കാം.

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കാനുള്ള ലിങ്ക് ഇപിഎഫ്ഒ ഇ-സേവ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. മെയ് മൂന്നുവരെ ഓപ്ഷന്‍ സമര്‍പ്പിക്കാം.

1: ഇപിഎഫില്‍ അംഗമായവര്‍ https://unifiedportal-mem.epfindia.gov.in/memberinterface/ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. സൈറ്റിന്റെ വലതുവശത്തായി കാണുന്ന ‘പെന്‍ഷന്‍ ഓണ്‍ ഹയര്‍ സാലറി: എക്‌സൈസ് ഓഫ് ജോയന്റ് ഓപ്ഷന്‍ ഓണ്‍ ഓര്‍ ബിഫോര്‍ മെയ് 3, 2023’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

2: പുതിയ ഹോംപേജ് തുറന്നുവരും. ‘അപ്ലിക്കേഷന്‍ ഫോം ഫോര്‍ ജോയന്റ് ഓപ്ഷന്‍സ് അണ്ടര്‍ പാര 11(3)…’ എന്നുതുടങ്ങുന്ന ലിങ്ക് സെലക്ട് ചെയ്യുക. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍(യു.എ.എന്‍) കൈവശം ഉണ്ടായിരിക്കണം. അംഗത്തിന്റെ ആധാര്‍ നമ്പര്‍, പേരും ജനനതിയതിയും ഇപിഎഫ്ഒയുടെ രേഖകളില്‍ ഉണ്ടെന്ന് ഉറപ്പാക്കുക. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം.

3: യു.എ.എന്‍, പേര്, ജനനതിയതി, ആധാര്‍ നമ്പര്‍, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ക്യാപ്ച എന്നിവ ചേര്‍ത്തശേഷം ഒടിപിക്കായി ക്ലിക്ക് ചെയ്യുക.

4: മൊബൈലില്‍ വരുന്ന ഒടിപി നല്‍കുക. വ്യക്തിപരമായ വിശദാംശങ്ങള്‍ സ്ഥിരീകരിക്കുക. പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് എന്തെങ്കിലുംതരത്തില്‍ ക്രമീകരണമോ ഫണ്ടിലേയ്ക്ക് വീണ്ടും ഡെപ്പോസിറ്റ് ചെയ്യുകയോ വേണമെങ്കില്‍ അപേക്ഷഫോമില്‍ അതിനുള്ള സമ്മതം തേടും. എക്‌സംപ്റ്റഡ് ട്രസ്റ്റുകളില്‍നിന്ന് പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് പണം മാറ്റണമെന്നുണ്ടെങ്കില്‍ അതിനുള്ള സമ്മതവും നല്‍കണം.

ഈ പറയുന്ന രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടിവന്നേക്കാം:

*ഇ.പി.എഫ് സ്‌കീമിന്റെ ഖണ്ഡിക 26(6) പ്രകാരം ജോയന്റ് ഓപ്ഷന്‍ പരിശോധിച്ച് തൊഴിലുടമ സ്ഥിരീകരിച്ചതിന്റെ രേഖ.

*ഇപിഎസിന്റെ 2014ന് മുമ്പുള്ള ഭേദഗതി ഖണ്ഡിക 11(3)ലെ പ്രമാണത്തിന് കീഴിലുള്ള ജോയന്റ് ഓപ്ഷന്റെ തൊഴിലുടമ പരിശോധിച്ചതിന്റെ രേഖ.

*വേതന പരിധിയായ 5000 രൂപയ്ക്കും 6,500 രൂപയ്ക്കും മുകളില്‍ പ്രൊവിഡന്റ് ഫണ്ടില്‍ പണം അടച്ചതിന്റെ രേഖ.

*മുകളില്‍ പറഞ്ഞ വേതന പരിധിക്കുമുകളില്‍ ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഫണ്ടില്‍ പണം അടച്ചിന്റെ രേഖ.


*ഇത്തരം പണമടയ്ക്കലിനോ അപേക്ഷയ്‌ക്കോ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറോ ഇപിഎഫ്ഒയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരോ നല്‍കിയ വിസമ്മത രേഖ.


5: ഫോമില്‍ നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തുക.

തുടര്‍ന്ന് സബ്മിറ്റ് ചെയ്യാം. ലഭിക്കുന്ന അക്‌നോളജ്‌മെന്റ് നമ്പര്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കാം.

2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് വിരമിച്ചവര്‍:

ഭേദഗതി പ്രകാരം ഉയര്‍ന്ന ഇപിഎസ് വിഹിതത്തിന് ഓപ്ഷന്‍ കൊടുത്ത് വിഹിതമടച്ചിട്ടും ഉയര്‍ന്നതുക പെന്‍ഷന്‍ അനവദിക്കാതിരുന്നവര്‍ക്കാണിത് ബാധകം.

1: ഇ-സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. https://unifiedportal-mem.epfindia.gov.in/memberinterface/ ‘വാലിഡേഷന്‍ ഓഫ് ജോയന്റ് ഓപ്ഷന്‍’ -ല്‍ ക്ലിക്ക് ചെയ്യുക.

2: പുതിയ പേജ് തുറന്നുവരും. ‘അപ്ലിക്കേഷന്‍ ഫോം ഫോര്‍ വാലിഡേഷന്‍ ഓഫ് ജോയന്റ് ഓപ്ഷന്‍സ്’ ല്‍ ക്ലിക്ക് ചെയ്യുക. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പെന്‍ഷന്‍ പെയ്മന്റെ് ഓര്‍ഡര്‍(പിപിഒ)കയ്യില്‍ സൂക്ഷിക്കുക. ആധാര്‍ നമ്പര്‍, പേര്, ജനന തിയതി തുടങ്ങിയ വിശദാംശങ്ങളോടൊപ്പം പിപിഒ നമ്പര്‍ കൂടി നല്‍കുക. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഉണ്ടാകണം.

3: പിപിഒ നമ്പര്‍, പേര്, ജനന തിയതി, ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍, ക്യാപ്ച എന്നിവ നല്‍കുക. ‘ഗെറ്റ് ഒടിപി’യില്‍ ക്ലിക്ക് ചെയ്യുക. മൊബൈലില്‍ എത്തിയ ഒടിപി നല്‍കിക്കഴിഞ്ഞാല്‍ മുകളിലെ വിഭാഗത്തില്‍ നാലില്‍ സൂചിപ്പിച്ചതുപോലെയുള്ള പ്രകിയ തുടരുക.

ഇപിഎഫ്ഒയുടെ നടപടി
അപേക്ഷയും അനുബന്ധ രേഖകളും റീജിയണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ പരിശോധിക്കും. തുടര്‍ന്ന് ഓരോ അപേക്ഷയും ഡിജിറ്റിലായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷകന് രസീത് നമ്പര്‍ നല്‍കും.

സെക്ഷന്‍ സൂപ്പര്‍വൈസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ എന്നിവരുടെകൂടി പരിശോധിനകള്‍ക്കുശേഷം റീജിയണല്‍ ഓഫീസിന്റെ ചുമതലയുള്ളയാള്‍ക്ക് കൈമാറും. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ കമ്മീഷണറോ ഓരോ അപേക്ഷയും പരിശോധിച്ച് തീര്‍പ്പാക്കും. ഇ-മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി ഇക്കാര്യം അപേക്ഷകനെ അറിയിക്കും.

പരാതികളുണ്ടെങ്കില്‍ https://epfigms.gov.in/ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കും. റീജിയണല്‍ ഓഫീസ്, സോണല്‍ ഓഫീസ് തുടങ്ങിയവയുടെ ചുമതലയുള്ള ഓഫീസര്‍മാരും പരാതി പരിഹാര നടപടികള്‍ വിലയിരുത്തും.