കല്‍പ്പറ്റ: മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് എത്തിയ തോണിച്ചാൽ സ്വദേശി ഗിരീഷിന് ഇപ്പോൾ ഏഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ല. എന്നാല്‍ എല്ലാവിധ ചികിത്സയും നൽകിയിരുന്നു എന്നാണ് ഡോക്ടറുടെ മറുപടി. ഡോക്ടര്‍ ചികിത്സാ രേഖകള്‍ തിരുത്താന്‍ ശ്രമിച്ചെന്നും പൊലീസില്‍ പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഗിരീഷ് ആരോപിക്കുന്നു.
ശസ്ത്രക്രിയക്ക് ശേഷം വൃഷ്ണത്തിൽ നീരുവച്ചു. അസഹ്യമായ വേദന തുടർന്നു. സ്റ്റിച്ച് അഴിക്കാൻ ചെന്നപ്പോള്‍ സ്കാന്‍ ചെയ്തു. സ്കാന്‍ റിപ്പോര്‍ട്ടില്‍ തന്നെ പ്രശ്നം വ്യക്തമായിരുന്നു. പുറത്ത് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് വൃഷണം നീക്കം ചെയ്യേണ്ടിവരുമെന്ന് അറിയിച്ചത്. സ്റ്റിച്ച് എടുക്കുന്ന സമയത്ത് നടത്തിയ സ്കാനില്‍ പ്രശ്നം വ്യക്തമായിട്ടും ഡോ. ജുബേഷ് ആരോഗ്യ സ്ഥിതി മറച്ചുവെച്ചു. ഹെർണിയ ശസ്ത്രക്രിയ നടത്തിയിടത്ത് പഴുപ്പു കൂടിയതിനെ തുടര്‍ന്ന് വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു.
സെപ്തംബർ 13നാണ് ഹെർണിയക്ക് ചികിത്സതേടി ഗിരീഷ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ഡോ. ജുബേഷിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രാവിലെ 10.30ഓടെ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ മുതല്‍ വേദനയുണ്ടായിരുന്നുവെന്ന് ഗിരീഷ് പറയുന്നു.