തൃശ്ശൂര്‍: കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പ് റീ കൗണ്ടിങിനെതിരെ കെ.എസ്.യു ഹൈക്കോടതിയിലേക്ക്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം.രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ്.എഫ്.ഐയെ വിജയിപ്പിച്ചത് ഉന്നത നിര്‍ദേശ പ്രകാരമെന്നും കെ.എസ്.യു ആരോപിക്കുന്നു.
ആദ്യ കൗണ്ടിങ്ങില്‍ കെ.എസ്.യു. സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാല്‍, കെ.എസ്.യു.വിന്റെ ആഹ്ലാദപ്രകടനങ്ങള്‍ക്കിടെ എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. ഉന്നതങ്ങളില്‍നിന്നുള്ള ഫോണ്‍വിളിയെത്തുടര്‍ന്ന് വീണ്ടും എണ്ണുകയായിരുന്നെന്നാണ് പരാതി. എന്നാല്‍, എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെ.എസ്.യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. രണ്ടാമത് എണ്ണിയപ്പോള്‍ മൂന്നുവോട്ടിന് എസ്.എഫ്.ഐ. സ്ഥാനാര്‍ഥി അനിരുദ്ധന് ജയം. ഇതോടെ കെ.എസ്.യു റീകൗണ്ടിങ് ബഹിഷ്കരിച്ചു. പിന്നീട് രാത്രി 12 മണിയോടെ അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.