ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും കൂട്ടിവെച്ചാണ് ഓരോ മലയാളികളും അവരുടെ ജീവിതം അന്യനാട്ടിലേക്ക് പറിച്ചു നടുന്നത്. അന്യനാട്ടിൽ നിന്ന് പറ്റിക്കപ്പെട്ട് തിരിച്ചു വരുന്നവർ ഇന്ന് സ്ഥിരം കാഴ്ചയാണ്. വെറും മൂന്നു മാസം മാത്രം മുന്‍പാണ് ഒരുപാട് സ്വപ്നങ്ങളുമായി ദീപയും ഭര്‍ത്താവും കുട്ടികളും ഇതേ വിമാനത്തില്‍ യുകെയില്‍ എത്തിയത്. എന്നാൽ അവർ പ്രതീക്ഷിച്ചതൊന്നുമല്ല യുകെയിൽ എത്തിയപ്പോൾ അവരെ കാത്തിരുന്നത്.
ഡൊമൈസിലറി കെയര്‍ വിസയില്‍ ജോലിക്ക് എത്തിയ ദീപയ്ക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ വെറും അഞ്ചു ദിവസമാണ് ജോലി ചെയ്യാനായത്. അതിനിടയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ വീതമുള്ള ഏതാനും ഷിഫ്റ്റുകളും ലഭിച്ചു. പ്രതിമാസം 2500 പൗണ്ട് ലഭിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നാട്ടില്‍ നിന്നും എത്തിച്ച ദീപയ്ക്ക് മൂന്നു മാസത്തിനിടയില്‍ ജോലി ചെയ്ത വകയില്‍ ആകെ കിട്ടിയത് 650 പൗണ്ട് മാത്രം. അതിനിടയിൽ ദീപ ഉൾപ്പെടെ പത്തു മലയാളികളെ പെരുവഴിയിലാക്കിയ ന്യു പാത്തവേ ഹെല്‍ത് കെയര്‍ എന്ന കമ്പനിയ്ക്ക് ഹോം ഓഫിസ് ലൈസന്‍സ് നഷ്ടമായി. മറ്റുള്ളവര്‍ ചെറുപ്പക്കാരും കുട്ടികളും കുടുംബവും ഇല്ലാത്തതിനാല്‍ തല്ക്കാലം മറ്റെവിടെയെങ്കിലും ജോലി ലഭിക്കുമോ എന്ന അന്വേഷണത്തില്‍ കഴിയുകയാണ്.
കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്ന ആരോഗ്യ സ്ഥിതി കൂടി ആയതോടെ മക്കളെക്കുറിച്ചുള്ള ആധിയോര്‍ത്തു നഷ്ടമായ പണത്തെക്കുറിച്ചു ആവലാതിപ്പെടുന്നതിനേക്കാള് മക്കളെ കുറിച്ചുള്ള ചിന്ത മനസ്സില്‍ എത്തിയതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുക ആയിരുന്നു ദീപയും ഭര്‍ത്താവും. ഒരു മലയാളിക്ക് മറ്റൊരു മലയാളി തന്നെയായിരിക്കും ശത്രു എന്ന് പറയുന്നത് എത്ര ശെരിയാണ്. ദീപയെയും മറ്റു 10 മലയാളികളെയും ചതിച്ചതും മറ്റ് രണ്ട് മലയാളികൾ തന്നെ. ചെങ്ങന്നൂര്‍ക്കാരി പ്രഥിതയും ഗോകുല്‍നാഥും സ്വന്തം പ്രായത്തില്‍ ഉള്ള മലയാളി ചെറുപ്പക്കാരെ തന്നെയാണ് ചതിക്ക് ഇരയാക്കിയത്.ഓരോരുത്തരിലും നിന്നും 15 ലക്ഷം വീതം വിദഗ്ധമായി വഞ്ചിച്ചതിലൂടെ ഒന്നരക്കോടി രൂപയുടെ തട്ടിപ്പിനാണ് ഇവര്‍ നിയമത്തിനു മുന്നില്‍ സമാധാനം പറയേണ്ടത്.
ദീപ ഫയല്‍ ചെയുന്ന കേസില്‍ മനുഷ്യക്കടത്തിന് കൂടി പ്രോസിക്യൂഷന് വകുപ്പ് എഴുതി ചേര്‍ക്കുമ്പോള്‍ ഏതാനും വര്‍ഷം ജയില്‍ സുഖം അനുഭവിക്കാനുള്ള യോഗവും ഇവർക്കുണ്ടാകും. ദീപയെയും ഇവര്‍ക്ക് കെണി ഒരുക്കിയ പ്രതിദയെയും ഗോകുല്‍നാഥിനെയും ഒന്നിച്ചിരുത്തി അഭിഭാഷകന് കോണ്‍ഫ്രന്‍സ് കോള്‍ നടത്തിയപ്പോള്‍ താന്‍ പണമൊന്നും വഞ്ചിച്ചിട്ടില്ല എന്നാണ് പ്രതിദ എടുത്ത നിലപാട്.എന്നാല്‍ തന്റെ അമ്മാവന്റെ പേരില്‍ ഉള്ള കുരിശിങ്കല്‍ ഫിലിംസ് എന്ന ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടിലേക്ക് ആണ് ദീപ പത്തുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തത്. ഗോകുല്‍നാഥ് വഴിയാണ് അഞ്ചു ലക്ഷം രൂപ ദീപ ദുബായില്‍ ഉള്ള ഒരു വനിതയുടെ അകൗണ്ടിലേക്ക് കൈമാറിയത്. എന്നാല്‍ ദീപയ്ക്ക് ജോലി നഷ്ടമായി എന്നറിഞ്ഞു ഈ പണം ഒരു മാസത്തിനകം തിരിച്ചു നല്‍കാം എന്നാണ് ഈ വനിതാ അറിയിച്ചിരിക്കുന്നത്.
ദീപയടക്കം പത്തു മലയാളികളെ കുടുക്കിയ പ്രതിദയും ഗോകുല്‍നാഥും സിംബാബ്വെ സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം ചേര്‍ന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തത്.എലിസബത്ത് എന്ന സിംബാബ്വെ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് ആരംഭിച്ച കെയര്‍ ഏജന്‍സി വഴിയാണ് മലയാളികള്‍ തട്ടിപ്പിന് ഇരകളായത്. ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വീതം നഷ്ടമായി എന്നാണ് വ്യക്തമാകുന്നത് .എന്നാല്‍ തങ്ങളും പണം നല്‍കിയാണ് യുകെയില്‍ വന്നതെന്നും അതിനാല്‍ പണം വാങ്ങി മറ്റുള്ളവര്‍ക്ക് ജോലി നല്‍കിയതില്‍ തെറ്റില്ല എന്ന നിലപാടാണ് ഗ്രൂപ് കോണ്‍ഫ്രന്‍സ് കോളില്‍ പ്രതിദയും ഗോകുല്‍നാഥും നിലപാട് എടുത്തത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള വിവരങ്ങള്‍ ഹോം ഓഫിസിനു കൈമാറാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാണ് ദീപയും ഭര്‍ത്താവും നാട്ടിലേക്ക് വിമാനം കയറിയത്. പണം സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും തങ്ങള്‍ക്ക് അറിയില്ല എന്നാണ് സിംബാബ്വെ ദമ്പതികള്‍ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.കുട്ടികള്‍ക്കടക്കം ടിക്കറ്റും ചേര്‍ത്ത് ആകെ 17 ലക്ഷം രൂപയാണ് ദീപ മുടക്കിയത്.
യുകെയില്‍ എത്തിയ ശേഷം കാര്യങ്ങള്‍ ഏറെക്കുറെ പിടികിട്ടിയപ്പോള്‍ ഭര്‍ത്താവും കുട്ടികളും നാട്ടിലേക്ക് മടങ്ങിയിരുന്നു. വീണ്ടും മടങ്ങി എത്തിയ ഭര്‍ത്താവ് ആമസോണില്‍ താല്‍ക്കാലിക ജോലി കണ്ടെത്തിയാണ് ഭക്ഷണത്തിനു ഉള്ള വരുമാനം കണ്ടെത്തിയിരുന്നത്. നാട്ടില്‍ സ്വകാര്യ ബാങ്കില്‍ 45000 രൂപ ശമ്പളവും ആനുകൂല്യമടക്കം ഒരു ലക്ഷം രൂപയോളം വരുമാനവും ഉണ്ടായിരുന്ന ദീപയെ അയല്‍വസിയായ യുവാവാണ് തട്ടിപ്പുകാര്‍ക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് പ്രഥിത നാട്ടില്‍ നേരിട്ടെത്തിയാണ് ഇന്റര്‍വ്യൂ നടത്തിയത്. മാസം 2500 പൗണ്ട് ശമ്പളം, കമ്പനി കാര്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല എന്നും ദീപ പറയുന്നു. ഭര്‍ത്താവ് കൂടി ജോലി ചെയ്താല്‍ കയ്യില്‍ കിട്ടുന്ന ശമ്പളം 5000 പൗണ്ട് ആയില്ലേ എന്ന പ്രതിദയുടെ സമര്‍ഥമായ ചോദ്യത്തില്‍ വീണു പോകുക ആയിരുന്നു ദീപയും കുടുംബവും.കെയറര്‍ ആയി എത്തിയ പ്രഥിത സിംബാബ്വെ ദമ്പതികളുടെ വലംകൈ ആയതോടെ ഇപ്പോള്‍ കമ്പനിയുടെ എച്ആര്‍ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഗോകുല്‍നാഥിനും കമ്പനിക്കും തമ്മില്‍ നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്താതെ വരേണ്ടതുണ്ട്.