പൊതുവായ മാനസിക രോഗങ്ങളുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വിഷാദരോഗം (Depressive disorder), ഉത്കണ്ഠ (Anxiety disorder) എന്നിവ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ധാരാളമായി കണ്ടുവരുന്നത്.ഒരു സ്ത്രീ അവളുടെ ജീവിതത്തില്‍ ജൈവപരമായ പല പ്രധാന നാഴികക്കല്ലുകളിലൂടെ കടന്നുപോകുന്നുണ്ട്; ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം മുതലായ കാലഘട്ടങ്ങള്‍ സ്ത്രീ ശരീരത്തില്‍ ധാരാളം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാലഘട്ടങ്ങളില്‍ അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കങ്ങള്‍, ഉറക്കക്കുറവ് എന്നിവയോടൊപ്പം ഹോര്‍മോണ്‍ വ്യതിയാനങ്ങളും മാനസികരോഗ ലക്ഷണങ്ങള്‍ പ്രകടമാകാൻ സാധ്യതയുള്ള പല കാരണങ്ങളില്‍ ഒന്നായി മാറുന്നു. ജനിതകപരമായി മാനസികരോഗ സാധ്യതയുള്ള സ്ത്രീകളില്‍ ഈ അവസരങ്ങളിലൊക്കെയും മൂഡ് ഡിസോഡറോ സൈക്കോട്ടിക് ഡിസോഡറോ പോലുള്ള രോഗലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.
പ്രീമെൻസ്ട്രുവല്‍ ഡിസ്ഫോറിക് ഡിസോര്‍ഡര്‍
ആര്‍ത്തവത്തിന് മുന്നോടിയായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കണ്ടുവരാറുള്ള അമിതമായ വൈകാരിക വ്യതിയാനങ്ങള്‍, പെട്ടെന്ന് സങ്കടം, ദേഷ്യം, കരച്ചില് തുടങ്ങിയവ മാറി മാറി വരിക, എപ്പോഴും ക്ഷീണം, വിഷാദം, ഉത്കണ്ഠ എന്നീ മാനസിക ലക്ഷണങ്ങള്‍ക്ക് പുറമേ തലവേദന, പേശീവേദന, സ്തനങ്ങളിലെ വേദന എന്നീ ശാരീരിക ലക്ഷണങ്ങളും കണ്ടുവരുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ കാരണം ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ആഴ്ചകളില്‍ സ്കൂളില്‍ പോകാൻ കഴിയാതിരിക്കുക, ജോലികള്‍ ചെയ്യാൻ പറ്റാത്ത അവസ്ഥ എന്നിങ്ങനെ ഉണ്ടെങ്കില്‍ യഥാസമയം ചികിത്സ തേടേണ്ടതാണ്.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ
500 മുതല്‍ 1000 ഡെലിവറികളില്‍ ഒരു അമ്മയ്ക്ക് എന്ന കണക്കില്‍ പോസ്റ്റ്പാര്‍ട്ടം മൂഡ് എപ്പിസോഡുകള്‍ കണ്ടുവരുന്നു. പ്രസവശേഷം 6 ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുമെങ്കിലും ഗര്‍ഭിണിയായിരിക്കുന്ന അവസരത്തിലേ പല അമ്മമാര്‍ക്കും ലക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടാകാം.