നടൻ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിച്ച സിനിമാലോകവും ആരാധകരും. ചെന്നൈയിലെ ഡിഎംഡികെ കാര്യാലയത്തില്‍ വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
നടൻ വിജയും പ്രിയ ക്യാപ്റ്റന്‍ ആദരാഞ്ജലി അര്‍പ്പിക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ചപ്പോള്‍ വിജയ് വികാരാധീനനായി. വിജയും വിജയകാന്തും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധമുണ്ട്. വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും. എസ്.എ ചന്ദ്രശേഖറിന്റെ സംവിധാനത്തില്‍ വിജയകാന്ത് നായകനായ ‘വെട്രി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി വിജയ് സിനിമയിലേയ്ക്ക് അരങ്ങേറുന്നത്.
ചന്ദ്രശേഖറിന്റെ അഭ്യര്‍ഥനപ്രകാരം വിജയ് യെ കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ വിജയകാന്ത് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1992-ല്‍ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച ‘നാളെയെ തീര്‍പ്പ്’ എന്ന ചിത്രം പരാജയമായതിന് പിന്നാലെയായിരുന്നു ഇത്. എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. ചിത്രം പരാജയമായതിന് പിന്നാലെ അക്കാലത്തെ സൂപ്പര്‍താരമായിരുന്ന വിജയകാന്തിനെ ചന്ദ്രശേഖര്‍ സമീപിച്ചു. വിജയ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. സംഭവത്തെക്കുറിച്ച് ചന്ദ്രശേഖര്‍ തന്നെയാണ് പില്ക്കാലത്ത് വെളിപ്പെടുത്തിയത്.