17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉള്‍പ്പെടെ 102 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചത്. പുലർച്ചയോടെ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാമായിരുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണിയും ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ഇടമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ഏറെയും ബിജെപി പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ തമിഴ്നാട് മാത്രമാണ് അവർക്ക് മുന്നില്‍ ബാലികേറാമലയായി നില്‍ക്കുന്നത്.വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പല രാഷ്ട്രീയ പ്രമുഖരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. തമിഴ്നാട്ടില്‍ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കും ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഴുവൻ സീറ്റുകളും ഇന്ത്യാ സഖ്യം നേടുമെന്നാണ് അദ്ദേഹം വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.കൂടാതെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും തന്റെ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വച്ചാണ് മോഹൻ ഭാഗവത് വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗ് തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ചാണ് അദ്ദേഹം മടങ്ങിയത്.അതേസമയം, ഭരണം നിലനിർത്തുക എന്നതിലുപരി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 47 സീറ്റുകള്‍ കൂടുതല്‍ അഥവാ നാനൂറില്‍ അധികം സീറ്റുകള്‍ നേടിയെടുക്കുക എന്നതാണ് ബിജെപിയുടെ ഇത്തവണത്തെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. പാർട്ടി ഒറ്റയ്ക്ക് 370 സീറ്റുകള്‍ നേടുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 63 സീറ്റുകള്‍ അധികമാണ്. കഴിഞ്ഞ തവണ പ്രതിപക്ഷമായ യുപിഎക്ക് നേടാനായത് വെറും 90 സീറ്റുകള്‍ മാത്രമാണ്.
തമിഴ്നാട്ടിലെ 39 സീറ്റുകളും ബിക്കാനീർ, അല്‍വാർ, ജയ്പൂർ, ജയ്പൂർ റൂറല്‍ തുടങ്ങിയ സുപ്രധാന മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജസ്ഥാനിലെ 25ല്‍ 12 സീറ്റുകളും ആദ്യഘട്ടത്തില്‍ ജനവിധി തേടും. ഉത്തർപ്രദേശിലെ 80 സീറ്റുകളില്‍ എട്ടെണ്ണവും ഇന്ന് കളത്തില്‍ ഇറങ്ങുന്നുണ്ട്. മധ്യപ്രദേശില്‍ നിന്ന് ആറ്, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് വീതം സീറ്റുകളും ഇന്ന് വോട്ടെടുപ്പ് നടക്കുന്നവയില്‍ ഉള്‍പ്പെടും.