ഇല കെട്ടിപൊതികൊണ്ട് 
പോയ കാലങ്ങളിൽ
ഇലതരും മരമൊക്കെ
പോയ കാലങ്ങളിൽ
രുചിയോടെയോർക്കുന്നു
ചോറ്റുപാത്രത്തിലായ്
അമ്മ കരുതിയ
വറ്റും കറികളും.

ഓർമ്മ ഓർമ്മയെന്നാരുമറിയാത്ത
സങ്കടവറ്റുകൾ,
വിത്തുകൾ വേവിച്ച്
വേച്ചു നടന്നവൾ
അക്ഷരത്തിൻവറ്റ്
ആദ്യം വിളമ്പി യോൾ
ചോറ്റുപാത്രത്തിൽ
കരുതിയതെന്തൊക്കെ?

വീണ്ടും വരുന്നു
മറുപടിയില്ലാത്ത
ദു:ഖങ്ങൾ
ചുമ്മാതെ
പൊള്ളിച്ചു പോകുന്നു
ചോറ്റുപാത്രത്തിൽ
ഇവ മാത്രം
ചമ്മന്തി
അച്ചാറുമെപ്പോഴും
മൊട്ട പൊരിച്ചതും .

ചോറ്റുപാത്രം ഞാൻ
അടച്ചിന്നു വയ്ക്കുന്നു
വീണ്ടും തുറക്കുവാൻ നേരമാകും വരെ!

നേരമാകുന്നു
പ്രിയമുള്ളവൾ വന്ന്
ജോലിക്കു പോകുന്ന നേരത്തെനിക്കെന്റെ
സഞ്ചിയിലേക്ക്
പകർന്നു വയ്ക്കുന്നതാം
ചോറ്റുപാത്രത്തെ
മറക്കുവതെങ്ങനെ?

ഒത്തിരി സ്നേഹം
പകർന്ന കറികളാൽ
ബാഗുമുഴുവൻ
നിറഞ്ഞതാം ഓർമ്മകൾ
മീൻ വേണ്ട
ഗന്ധങ്ങൾ
ഏറെ പഴകിടും
എണ്ണ കുറച്ച
മെഴുക്കുപുരട്ടിയും
അച്ചാറുമല്പം
തോരനും
ചമ്മന്തി
ഇത്രയൊക്കെ
മുട്ടയില്ല
ഇറങ്ങുമ്പോൾ
ഒരുമ്മയും !

ചോറ്റുപാത്രത്തിൽ
ഒളിക്കുന്ന സ്നേഹത്തെ
വീണ്ടെടുക്കുവാൻ
ആവാത്ത മാനസം
അന്യമല്ല
എന്നറിഞ്ഞീടുക!

ചോറ്റുപാത്രങ്ങളൊക്കെയും
അന്യമായ്
നഗരഭക്ഷണം
കാന്റീൻ
പൊതു കട
ഭക്ഷണത്തിൻ
പെരുത്തരുചികളിൽ
അല്പമല്പമായ്
തിന്നുപേക്ഷിച്ചവ.

അപ്രതീക്ഷിതമായൊരു
ജ്യോതിസ്
മുന്നിൽ വന്നു പറയുന്നു കുഞ്ഞേ
ഭക്ഷണം അല്പമെങ്കിലും വീട്ടിൽ
നിന്നു കൊണ്ടു
കഴിക്കുകയല്ലേ
നന്നു നന്നെന്നു തോന്നുന്നു ചെയ്യു.

അമ്മ എൺപതിൽ
നിൽക്കുന്നുവെന്നാൽ
ചൊന്ന നാളിൻ
അടുത്തതാം നാളിൽ
ഞാനറിയാതെ ചോറ്റുപാത്രത്തെ
കൊണ്ടുവച്ചു
മേശപ്പുറത്ത്!

ചോറ്റുപാത്രമിന്നോർമ്മത്തുരുത്തിൽ
നിന്നു കത്തുന്നു
വേകുന്നകാഴ്ചയായ്
എന്റെ സ്കൂളിലെ
ക്ലാസിൻ മുറിയിൽ
ചോറ്റുപാത്രം കവർന്നു മടങ്ങിയ
ആ കുരങ്ങനെ
ഓർത്തു പോകുന്നു!
…എം.സങ്…